അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച  ശക്തി പരിശോധിക്കണമെന്ന് കോടതി

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കണമെന്ന് കോടതി

ഇന്ന് കൂറുമാറിയത് 29-ാം സാക്ഷി സുനിൽ കുമാറും 31-ാം സാക്ഷി ദീപുവും
Updated on
1 min read

അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കണമെന്ന് വിചാരണ കോടതി. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ സാക്ഷി സുനിൽകുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കേസിൽ 29-ാം സാക്ഷിയാണ് സുനിൽകുമാർ‌.

മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്നതും കൈകൾ പുറകിൽ പിടിച്ച് കെട്ടുന്നതും, കള്ളൻ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നതും കണ്ടു എന്നായിരുന്നു സുനിൽ കുമാർ നേരത്തെ പൊലീസിന് നൽകിയ മൊഴി. ഈ മൊഴിയാണ് സുനിൽ കുമാർ ഇന്ന് വിചാരണ കോടതിയിൽ മാറ്റി പറഞ്ഞത്.

സുനിൽ കുമാർ കൂറുമാറിയതിന് പിന്നാലെ, മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. ദൃശ്യങ്ങളിൽ സാക്ഷിയായ സുനിൽ കുമാറും ഉണ്ടായിരുന്നു. ഈ സംഭവങ്ങളൊന്നും കണ്ടില്ലെന്ന് സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞതോടെയാണ് കാഴ്ച ശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

മധു വധക്കേസിൽ ഇന്ന് മറ്റൊരു പ്രതികൂടി കൂറുമാറി. 31-ാം സാക്ഷി ദീപുവാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. 27-ാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 25-ാം സാക്ഷിയായ വിജയകുമാറും 26-ാംസാക്ഷിയായ രാജേഷുമാണ് മൊഴിയിൽ ഉറച്ചു നിന്നത്.

logo
The Fourth
www.thefourthnews.in