വിഴിഞ്ഞം: സമരസമിതിയുടെ ആവശ്യങ്ങളും സർക്കാര്‍ നല്‍കിയ ഉറപ്പുകളും

വിഴിഞ്ഞം: സമരസമിതിയുടെ ആവശ്യങ്ങളും സർക്കാര്‍ നല്‍കിയ ഉറപ്പുകളും

തുറമുഖ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ സമവായ ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ സമര സമിതിയെ അറിയിച്ചിരുന്നു
Updated on
2 min read

വിഴിഞ്ഞം തുറമുഖ നിർമാണം കാരണം ജീവനും കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം 140 ദിവസം പിന്നിടുന്നതിനിടെയാണ് സമവായത്തിലെത്തിച്ചേര്‍ന്നത്. സമരം തുടങ്ങിയപ്പോൾ പ്രധാനമായും ഏഴ് ആവശ്യങ്ങളായിരുന്നു മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വെച്ചത്. തുടർന്ന് സർക്കാർ പലവട്ടം സമവായ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാരും പിന്നോട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനിന്നു.

ഇതിനിടെ മത്സ്യത്തൊഴിലാളികളും പോലീസുമായി ഏറ്റുമുട്ടലുകള്‍ പലതവണയുണ്ടായി. ഏറ്റവുമൊടുവില്‍ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുണ്ടായ പ്രതിഷേധം സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചു. സമരസമിതി നേതാക്കളടക്കം കണ്ടാലറിയുന്ന 3000 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതോടെ വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വാക്പോരുകളും തര്‍ക്കങ്ങളും ശക്തമായി. സമരക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവില്‍ സമരസമിതിയുമായി ചർച്ച നടത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നു.

ആവശ്യങ്ങളും ഉറപ്പുകളും

തുറമുഖ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല. ആദ്യം മുതല്‍ സ്വീകരിക്കുന്ന പിന്നോട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ സമവായ ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ സമര സമിതിയെ അറിയിച്ചു.

  • തീരശോഷണത്തിന് ശാശ്വത പരിഹാരം

    തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കുമെന്ന് സര്‍ക്കാര്‍. തുറമുഖ നിര്‍മാണം തുടരും.

  • പുനരധിവാസം

    മത്സ്യത്തൊഴിലാളികള്‍ക്ക് 635 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വീട് നിർമിച്ച് നൽകുമെന്നും ഇതിന്റെ ഡിസൈനിംഗുമായി ബന്ധപ്പെട്ട് ചർച്ച നടക്കുകയാണെന്നും സർക്കാർ പറയുന്നു . ഇത് കൂടാതെ വലയും ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുവായി ഒരു ഇടം നിർമിച്ച് നൽകുമെന്നും ഉറപ്പ് നൽകി. തുറമുഖ നിർമ്മാണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനായി ജില്ലാതല സമിതി രൂപീകരിച്ച് ഉത്തരവിറക്കി .

  • ക്യാമ്പുകളിലുള്ളവരെ വാടക നൽകി മാറ്റി പാർപ്പിക്കുക

    സർക്കാർ 5500 രൂപയും , അദാനി ഫണ്ടിൽ നിന്നും 2500 രൂപയും ഉൾപ്പെടുത്തി വാടക തുകയായി 8000 രൂപ നൽകാമെന്ന് സർക്കാർ വ്യക്തമാക്കി . എന്നാൽ അദാനിയുടെ ഫണ്ട് വേണ്ടെന്നും വാടകയായി 5,500 മതിയെന്നും സമരസമിതി വ്യക്തമാക്കി.

  • തീരശോഷണ പഠന സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധി

    തീരശോഷണത്തെ കുറിച്ച് പഠിക്കുന്ന സർക്കാരിന്റെ സമിതി മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി.

    അനിയന്ത്രിതമായ മണ്ണെണ്ണ വില

    നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകൾ ഡീസൽ / പെട്രോൾ ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ഇതിനായി ഒറ്റത്തവണ സബ്സിഡി നൽകും

  • തൊഴിൽ നഷ്ടമാകുന്നവർക്ക് വേതനം

    കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കും. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാനാകാത്തവരുടെ പട്ടിക ഫിഷറീസ് വകുപ്പ് നൽകും.അതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര നടപടികളിലേക്ക് കടക്കും. കൂടാതെ ഫിഷറീസ് വകുപ്പിന്റെ അംഗീകൃത പട്ടികയിലുള്ള മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നതനുസരിച്ച് അവരെ മറ്റ് പദ്ധതികളുടെ ഭാഗമാക്കും.

  • മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കണം

    മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി ചേർന്ന് ചർച്ച സംഘടിപ്പിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്.

logo
The Fourth
www.thefourthnews.in