സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കൂടുന്നു; ജില്ലകളിലെ സാഹചര്യം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുത്തനെ ഉയര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ ഒരു നിരീക്ഷണസെൽ കൂടി സ്ഥാപിച്ചു. ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.
ചികിത്സാ മാർഗനിർദേശങ്ങൾ പ്രകാരം മുന്നോട്ടുപോകണമെന്ന് ആരോഗ്യവകുപ്പ് ഡോക്ടര്‍ക്ക് നിർദേശം നൽകി. നാളെ ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. ജില്ലാതല നിരീക്ഷണം ശക്തമാക്കാനായി ആശുപത്രികളിൽ അടിയന്തര സംവിധാനം ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഇന്നലെ മാത്രം സംസ്ഥാനത്ത് 108 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 218 പേരില്‍ രോഗം ലക്ഷണം കണ്ടെത്തി. എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഡെങ്കി വ്യാപകമായി പടര്‍ന്നു പിടിക്കുന്നത്. ഇന്നലെ എറണാകുളത്ത് 43 പേരില്‍ രോഗം സ്ഥിരീകരിച്ചു. 55 പേരില്‍ ഡെങ്കി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. പാലക്കാട് 23 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 20 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കൊല്ലത്ത് 12 പേരിലും മലപ്പുറത്ത് 10 പേരിലും രോഗം സ്ഥിരീകരിച്ചു. ഈ മാസം ആകെ 1,008 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു.