വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ ഇനി അഞ്ച് പ്രവൃത്തിദിനം; ശനിയാഴ്ച അവധി
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനങ്ങള്‍ അഞ്ചു ദിവസമാക്കി പുനക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ചത്തെ പ്രവൃത്തി ദിനമാണ് ഒഴിവാക്കിയത്. വിദ്യാര്‍ഥികളില്‍ പഠനഭാരവും മാനസിക സംഘര്‍ഷവും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവില്‍ ശനി പ്രവൃത്തി ദിനമായി തുടരുന്ന ഏക വിഭാഗം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാത്രമാണ്. വിദ്യാര്‍ഥികള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
ആഴ്ചയില്‍ ആറ് ദിവസമാണ് വിഎച്ച്എസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതുക്കിയ വിഎച്ച്എസ്ഇ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് കോഴ്സുകളുടെ അധ്യയന സമയം 1,120 മണിക്കൂറില്‍ നിന്ന് 600 മണിക്കൂറായി കുറച്ചിരുന്നു. എന്നിട്ടും വിഎച്ച്എസ്ഇയില്‍ ആറ് ദിവസം പ്രവൃത്തിദിനം തുടരുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളില്‍ പഠനഭാരവും മാനസിക സംഘര്‍ഷവും വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന്റെ ആകെ പഠന സമയത്തില്‍ ആഴ്ചതോറും വന്നിട്ടുള്ള കുറവ് പരിഗണിച്ചും പിരീയഡുകളുടെ ദൈര്‍ഘ്യം ഒരു മണിക്കൂറായി നിലനിര്‍ത്തികൊണ്ടുമാണ് വിഎച്ച്എസ്ഇയുടെ അധ്യയന ദിവസങ്ങള്‍ 5 ദിവസമായി പരിമിതപ്പെടുത്തുന്നത്.