വിഴിഞ്ഞം സമരത്തില്‍ ഗൂഢാലോചന സിദ്ധാന്തവുമായി സിപിഎം മുഖപത്രം, പിന്നില്‍ ഒമ്പതംഗ സംഘമെന്ന് ആരോപണം
വിഴിഞ്ഞം തുറമുഖത്തിനെതിരായ ജനകീയ സമരത്തില്‍ ഗൂഢാലോചന ആരോപിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വിഴിഞ്ഞം തുറമുഖ അട്ടിമറിക്ക് ശ്രമിക്കുന്ന ഒമ്പതംഗ സംഘമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്രം സമരത്തിന് പിന്നിലെ ഗൂഢാലോചന ആരോപിക്കുന്നത്.
ലത്തീന്‍ അതിരൂപത പ്രതിനിധിയും സമര സമിതി കണ്‍വീനറുമായ യൂജിന്‍ പെരേരയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി പത്രം സ്ഥാപിക്കുന്നു.
യൂജിന്‍ പെരേരയ്ക്ക് പുറമെ എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ് സർവീസ് സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്‌സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢാലോചനാ സംഘത്തിലെ മറ്റംഗങ്ങളെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ സമരം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിരോധിച്ച തീവ്രവാദ സംഘടനയില്‍പ്പെട്ടവരും സമരക്കാര്‍ക്ക് ഒപ്പമുണ്ടെന്നും സിപിഎം മുഖപത്രം ആരോപിക്കുന്നു
ഒന്‍പതുപേരുടേയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും 'ദേശാഭിമാനി' മുന്നോട്ട് വയ്ക്കുന്നു. ഒന്‍പത് പേരുടേയും അടുത്ത ബന്ധുക്കളുടെയുള്‍പ്പെടെ വിദേശപണമിടപാട് പരിശോധിക്കുകയാണ്.
തുറമുഖ നിര്‍മാണം നിര്‍ത്തിവെയ്ക്കുക എന്നതൊഴികെ സമര സമിതി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന് പിന്നിലെ താത്പര്യമെന്തെന്ന് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്തായിരുന്ന യൂജിന്‍ പെരേര ജൂണില്‍ തിരുവനന്തപുരത്ത് എത്തിയത് മുതല്‍ വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് തുടങ്ങി. ഇതിന് പിന്നില്‍ തന്നെ ഗൂഢാലോചനയുണ്ടെന്നാണ് പത്രത്തിൻ്റെ ആരോപണം.
ജൂണ്‍ 29ന് ജനറല്‍ ആശുപത്രിക്ക് സമീപം ഐഫക്ക് സെന്ററില്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നതായും തീവ്ര ഇടത്, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തതായും റിപ്പോര്‍ട്ട് പറയുന്നു. യോഗത്തില്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തെ നിരാഹരമിരുത്താന്‍ തീരുമാനം എടുത്തതിനെ കുറിച്ചും പരാമര്‍ശമുണ്ട്. മുതിര്‍ന്ന ബിഷപ്പുമാരുടെ ഇടപെടലിനെ തുടര്‍ന്ന് മാത്രമാണ് നീക്കം പാളിയതെന്നും പറഞ്ഞുവെയ്ക്കുന്നു. ഈ യോഗത്തില്‍ പങ്കെടുത്തവരുടെ പേരും വിശദാംശങ്ങളും പത്രം പുറത്തുവിടുന്നു.
വിഴിഞ്ഞം സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടലും ഗൂഢാലോചനയും ഉണ്ടായെന്ന് റിപ്പോര്‍ട്ട് പൂര്‍ണമായും സ്ഥാപിക്കുന്നു. ഇത് സാധൂകരിക്കുന്നതിനുള്ള വിശദാംശങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സിപിഎം മുഖപത്രം മുന്നോട്ട് വെയ്ക്കുന്നത്.
അതേസമയം ദേശാഭിമാനിയുടെ ഗൂഢാലോചന സിദ്ധാന്തത്തെ വിമർശിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായി.
ഇടതുപക്ഷത്തെ എതിർത്ത് പറയുന്നവരെ, വിമർശിക്കുന്നവരെ, അവരുടെ സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ താറടിച്ചു കാണിക്കാൻ നിങ്ങളുടെ പാർട്ടിയും പാർട്ടി പത്രവും അതിന്റെ അണികളും ഏതറ്റം വരെയും പോകുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന് മുൻപ് നടന്ന പല സംഭവങ്ങളിലും അത് കണ്ടതുമാണ്. പക്ഷേ ഇതൊരുമാതിരി അന്തസില്ലാത്ത കൂപ്പുകുത്തൽ ആയിപ്പോയെന്നായിരുന്നു സിന്ധു മനു നെപ്പോളിയൻ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം കരാർ ഒപ്പിട്ടപ്പോൾ അതിനെ വിമർശിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കടൽക്കൊള്ളയെന്നായിരുന്നു അന്ന് ദേശാഭിമാനി നൽകിയ തലക്കെട്ട്. മത്സ്യബന്ധനത്തിന് മരണമണിയാകും കരാറെന്നും അന്ന് റിപ്പോർട്ടിൽ ദേശാഭിമാനി ആരോപിച്ചിരുന്നു
സർക്കാർ മാറിയപ്പോഴുള്ള ഈ നിലപാട് മാറ്റവും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പരിഹസിക്കപ്പെടുന്നുണ്ട്