അർജുൻ വീണത് കേരളത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയായിപ്പോയി, അനാസ്ഥയുടെ മറ്റേതോ ലോകത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടകയെ വിമര്‍ശിച്ച് ദേശാഭിമാനി

അർജുൻ വീണത് കേരളത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയായിപ്പോയി, അനാസ്ഥയുടെ മറ്റേതോ ലോകത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടകയെ വിമര്‍ശിച്ച് ദേശാഭിമാനി

മുഖ്യമന്തി പിണറായി വിജയന്‍ ഇടപെട്ടപ്പോഴാണ് കര്‍ണാടക സർക്കാർ ചലിച്ചുതുടങ്ങിയതെന്ന് പത്രത്തിന്റെ എഡിറ്റോറിയല്‍
Updated on
1 min read

ഉത്തര കന്നഡ ജില്ലയിലെ ഷിരുരില്‍ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ അവസാനഘട്ടത്തിലെത്തിയിരിക്കെ, കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. 'അർജുൻ; അനാസ്ഥയുടെ ആഴങ്ങളില്‍' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് പത്രം, കര്‍ണാടക സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ കാണിച്ചതെന്ന് ആരോപിക്കുന്നത്.

അപകടം നടന്ന് നാലാം നാള്‍ അവിടെയെത്തിയ മലയാള മാധ്യമങ്ങളാണ് 11 പേര്‍ മരിച്ച അപകടത്തിന്റെ ഭീകരകാഴ്ചകളും ദുരന്തത്തിന്റെ വ്യാപ്തിയും പുറം ലോകത്തെത്തിച്ചതെന്നും അതുവരെ 'ഒഴുകിയവന്‍ ഒഴുകി' എന്ന സമീപനമാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തി. അപകടവിവരം അറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കര്‍ണാടക സര്‍ക്കാരിനെ നിരന്തരം ബന്ധപ്പെട്ടതോടെയാണ് തിരച്ചിലെന്ന പേരില്‍ 19 -ാം തീയതി നാല് ജെസിബിയും കുറച്ച് ലോറികളും സ്ഥലത്തെത്തിച്ചതെന്നും ദേശാഭിമാനി പറയുന്നു.

അർജുൻ വീണത് കേരളത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയായിപ്പോയി, അനാസ്ഥയുടെ മറ്റേതോ ലോകത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടകയെ വിമര്‍ശിച്ച് ദേശാഭിമാനി
അർജുനായുള്ള രക്ഷാദൗത്യം പത്താം ദിനത്തിൽ; ഇന്ന് നിർണായകം, കാലാവസ്ഥ അനുകൂലം, സർവസന്നാഹങ്ങളുമായി സൈന്യം

ദുരന്തമുഖത്ത് ഗോള്‍ഡന്‍ അവര്‍ എന്നറിയപ്പെടുന്ന സുവര്‍ണ നിമിഷങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. ' പരമാവധി ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍, ലഭ്യമായ എല്ലാ വിദഗ്ധ സഹായവും എത്തിക്കുകയെന്നതാണതാണ് അത്. കേരളത്തിന് അത്തരം അനുഭവങ്ങള്‍ തൊട്ടുപറയാനുണ്ടല്ലോ. ഓഖിമുതല്‍ പ്രളയം വരെ, കവളപ്പാറ മുതല്‍ പുത്തുമല വരെ എത്രയെത്ര പ്രകൃതി ദുരന്തങ്ങള്‍ താണ്ടിയവരാണ് നമ്മള്‍. ദുരന്ത വാര്‍ത്തകള്‍ പുറത്തറിയുന്ന നിമിഷം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശസ്തമായ ആഹ്വാനം പോലെ ' അപ്പോള്‍ നമ്മള്‍ ഒന്നിച്ചിറങ്ങുക'യാണ്. നമ്മുടെ പ്രിയപ്പെട്ട അർജുന്റെ കാര്യത്തിലും അതുണ്ടാകണമായിരുന്നു. പക്ഷേ ആ ഹതഭാഗ്യന്‍ വീണത് കേരളത്തിൽനിന്ന് 300 കിലോമീറ്റര്‍ അകലെയായി പോയി. കൊടും അനാസ്ഥയുടെ മറ്റേതോ ലോകത്തായിപ്പോയി,'' പത്രം എഴുതി.

ട്രക്ക് ഉടമ മനാഫിനെയും രക്ഷാ പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിനെയും കൈയേറ്റം ചെയ്യുന്ന സാഹചര്യത്തെയും പത്രം വിമര്‍ശിച്ചു. കേരളത്തില്‍നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരെ ദുരന്തസ്ഥലത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ബാരിക്കേഡുകള്‍ തീര്‍ത്താണ് കര്‍ണാടകം ചട്ടം പാലിച്ചതെന്നും ദേശാഭിമാനി വിമര്‍ശിച്ചു. സമയം നോക്കി ചട്ടപ്പടിയായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാണാതായത് കേരള സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുള്ള ആളാണോയെന്നാണ് അവിടുത്തെ പോലീസും നാട്ടുകാരും ചോദിച്ചത്. അവര്‍ക്കറിയില്ലല്ലോ, അർജുൻ എന്ന ട്രക്ക് ഡ്രൈവറും കേരളത്തില്‍ വിവിഐപിയാണെന്ന്. കേരളത്തിന്റെ സിസ്റ്റം അങ്ങനെയാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് പത്രം എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in