കരിപ്പൂർ റൺവേ വികസനം: ഭൂരേഖകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും, ഇനിയും രേഖകൾ കൈമാറാനുള്ളത് 55 പേർ
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വിപുലീകരണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് നിശ്ചയിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. പള്ളിക്കൽ വില്ലേജിൽ നിന്ന് ഒൻപത് പേരും നെടിയിരുപ്പ് വില്ലേജിൽ നിന്ന് 16 പേരുമടക്കം ഇതുവരെ 25 ആളുകളാണ് ഭൂരേഖകൾ സമർപ്പിച്ചിട്ടുള്ളത്. ഇനിയും 55 ആളുകൾ ഭൂരേഖകൾ സമർപ്പിക്കാനുണ്ട്. കഴിഞ്ഞമാസം 24 നായിരുന്നു രേഖകൾ സ്വീകരിച്ചു തുടങ്ങിയത്. എന്നാൽ ഓണാവധി കഴിഞ്ഞ ശേഷം ഇന്നലെയാണ് ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചത് .
മുഴുവൻ രേഖകളും നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്ന നടപടി ബുധനാഴ്ചയോടെ ആരംഭിക്കും
ഭൂരേഖകൾ നൽകുന്നതിനായി കരിപ്പൂർ ഓഫീസിലെത്തുന്നവരിൽ പലർക്കും രേഖകളിൽ കുറവ് വരുന്നതും വൈകാൻ കാരണമാകുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ആവശ്യമായ നിർദേശങ്ങൾ നൽകുന്നത് വഴി രേഖകൾ ശരിപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഭൂവുടമകൾ. അതേസമയം, ഭൂരേഖകൾ ശരിയാക്കാൻ കാലതാമസം നേരിടുന്നതിനാൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.
മുഴുവൻ രേഖകളും നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്ന നടപടി ബുധനാഴ്ചയോടെ ആരംഭിക്കും. പള്ളിക്കൽ വില്ലേജിൽ നിന്ന് 26, നെടിയിരുപ്പ് വില്ലേജിൽ നിന്ന് 54 എന്നിങ്ങനെ 80 ഭൂവുടമകളിൽ നിന്നായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. റൺവേയിലെ റെസയുടെ നീളം വർധിപ്പിച്ച് സുരക്ഷിതമാക്കിയാൽ മാത്രമേ കരിപ്പൂരിൽ വലിയ വിമാനം ഇറങ്ങുകയുള്ളു. സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന 14.5 ഏക്കർ ഭൂമി വരുന്ന സെപ്റ്റംബർ 15നകം കേന്ദ്രത്തിന് കൈമാറണം.