തരൂരിന്റെ കിക്ക് ഓഫില്‍ കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്

തരൂരിന്റെ കിക്ക് ഓഫില്‍ കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ തന്നെ കേള്‍ക്കാന്‍ തടിച്ചു കൂടുന്നുവെന്ന് ശശി തരൂര്‍
Updated on
1 min read

മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാവുന്നു. തരൂരിന് വിലക്കേറിയപ്പെടുത്തിയത് ആരെന്നറിയാമെന്നു കെ മുരളീധരന്‍ എം പി പ്രതികരിച്ചപ്പോള്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് അഭിപ്രായം പറയുമെന്ന നിലപാടാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ തന്നെ കേള്‍ക്കാന്‍ തടിച്ചു കൂടുന്നുവെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. വേദി നിഷേധിച്ചതിനെക്കുറിച്ച് എം കെ രാഘവന്‍ എംപി പാര്‍ട്ടിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ''കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ കേള്‍ക്കാനും വിഷയത്തെക്കുറിച്ച് സംസാരിക്കാനും എത്തി. ബാക്കിയൊക്കെ വേറെ ആള്‍ക്കാര്‍ സംസാരിച്ചോട്ടെ. വിലക്കുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് എം കെ രാഘവന്‍ എംപി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്'' - ശശി തരൂര്‍ പറഞ്ഞു. വേദി നിഷേധിച്ചിട്ടും തനിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മലബാര്‍ പര്യടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.

മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലര്‍ക്ക് തരൂരിനെ വിലക്കിയതില്‍ പങ്കുണ്ടെന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ ആഞ്ഞടിച്ചു. തരൂരിനെ വിലക്കിയതില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് എല്ലാ തരത്തിലുള്ള ആലോചനയും ഉണ്ടെന്നും, മര്യാദയ്ക്ക് അല്ലാതെയുള്ള എല്ലാ ആലോചനകളും ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു നടത്തിയ പരിപാടിയാണ് ഇത്. ശശി തരൂരിന്റെ മലബാര്‍ പര്യടനം വിഭാഗീയ പ്രവര്‍ത്തനമല്ല. സംഘപരിവാറിന് എതിരെയുള്ള പോരാട്ടമാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തരൂരിന് വിലക്കില്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കെപിസിസി അധ്യക്ഷന്റേതാണ് അവസാന വാക്ക്. പരിപാടി മാറ്റിയതില്‍ യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്താനില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ല. തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

ശശി തരൂരിന്റെ പര്യടനത്തെപ്പറ്റി കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നും താന്‍ എന്തിനാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. എല്ലാവരും കയറി പറയേണ്ടതില്ല. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. മാവേലിക്കര ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃയോഗത്തിന് ചെങ്ങന്നൂരിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന് പിന്നില്‍ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടിരുന്നു. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന ചോദ്യത്തിന്, 'പുക ഇല്ലാതെ തീ ഉണ്ടാകാറുണ്ടെന്നും' രാഘവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടിവേദികളില്‍ കാര്യങ്ങള്‍ തുറന്നുപറയും. അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് പരാതി നല്‍കും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും രാഘവന്‍  പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in