ട്രെയിന്‍ തീവയ്പ്: പ്രതി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി, ഉടൻ കേരളത്തിലെത്തിക്കും
കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി അനിൽ കാന്ത്. പ്രതി ഇപ്പോള്‍ രത്‌നഗിരിയില്‍ പോലീസ് കസ്റ്റഡയിലാണെന്നും കേരളത്തിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഡിജിപി പറഞ്ഞു.
കേന്ദ്ര ഇന്റലിജന്‍സും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് ഡിജിപി പറഞ്ഞു.
പ്രതിയെ പെട്ടന്ന് പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പോലീസിനും ആര്‍പിഎഫിനും എന്‍ഐഎയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഏപ്രിൽ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വണ്‍ കോച്ചില്‍ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്കു പോയ ട്രെയിൻ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്.
കേസില്‍ നിര്‍ണായക തെളിവാകുന്ന അക്രമിയുടെ ബാഗ് എലത്തൂരിന് സമീപത്തെ ട്രാക്കില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതിൽനിന്ന് വസ്ത്രങ്ങള്‍, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖകള്‍, ഒരു കുപ്പിയില്‍ ഇന്ധനം, സ്റ്റിക്കി നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. സ്റ്റിക്കി നോട്ടുകളില്‍ വിവിധ സ്ഥലങ്ങളുടെ പേരുകളും എഴുതിചേര്‍ത്തതായി കണ്ടെത്തി. ബാഗും സാധനങ്ങളും ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.
ട്രെയിനില്‍ തീയിട്ടതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയതെന്ന് സംശയിക്കുന്ന മൂന്നുപേരുടെ മൃതദേഹം എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് പിന്നീട് കണ്ടെടുത്തിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്‌മത്ത്, രണ്ടുവയസുകാരി സഹറ, നൗഫിക് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരനെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.