പൊതുജനം നിയമം കയ്യിലെടുക്കരുത്; തെരുവുനായകളെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍
തെരുവുനായകളെ കൂട്ടത്തോടെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സർക്കുലർ ഇറക്കി. നായകളെ കൂട്ടത്തോടെ കൊല്ലുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇത് ഒഴിവാക്കണം. പൊതുജനം നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്.
1960 ലെ മ്യഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം തെരുവ് നായകളെ ഉപദ്രവിക്കുന്നതോ വിഷം നല്‍കിയോ മറ്റെതെങ്കിലും ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തുന്നതോ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നായകളെ ബോധപൂർവ്വം തെരുവുകളില്‍ ഉപേക്ഷിക്കുന്നതും കുറ്റകരമാണെന്നും സർക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരുവ് നായകളെ കൊല്ലാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്താനും എസ്എച്ച്ഒമാർക്ക് ഡിജിപി നിര്‍ദേശം നല്‍കി.
തെരുവുനായശല്യം രൂക്ഷമായതിന് ശേഷം കഴി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നായകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനു പിന്നാലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം മൃഗങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ശ്രദ്ധ ചെലുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. അനാവശ്യമായി നായകളെ ഉപദ്രവിക്കുന്നതിനെതിരെ സര്‍ക്കുലര്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കുലര്‍ ഇറക്കിയത്.