കലാകാരനായ വിവാദനായകന്‍; ഡിജിപി ടോമിന്‍ തച്ചങ്കരി വിരമിക്കുന്നു

കലാകാരനായ വിവാദനായകന്‍; ഡിജിപി ടോമിന്‍ തച്ചങ്കരി വിരമിക്കുന്നു

വിരമിക്കുന്നതിനു പിന്നാലെ സര്‍വീസ് കാലത്തെ ജീവിതാനുഭവങ്ങള്‍ സിനിമയാക്കാനാണ് ടോമിന്‍ തച്ചങ്കരിയുടെ തീരുമാനം
Updated on
2 min read

വിവാദങ്ങള്‍ക്കു നടുവിലെ സര്‍വീസ് ജീവിതം. തുടരെയുണ്ടായ പ്രതിസന്ധികള്‍ കാരണം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട പോലീസ് മേധാവി സ്ഥാനം. വിവാദങ്ങള്‍ക്കു വിരാമമിടാതെ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഫയര്‍ ആന്റ് റെസ്‌ക്യു മേധാവി ഉള്‍പ്പെടെയുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപി ആയിരിക്കെയാണ് വിരമിക്കല്‍. തിങ്കളാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരത്ത് എസ്എ പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

വിരമിക്കല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപി ആയിരിക്കെ

ഇടുക്കി സ്വദേശിയും 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനുമായ ടോമിന്‍ ജെ തച്ചങ്കരി സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു പിന്നാലെ സിനിമാ മേഖലയിലെക്ക് പ്രവേശിക്കുമെന്ന് കഴിഞ്ഞ ദിവസം തച്ചങ്കരി സൂചന നല്‍കിയിരുന്നു. സര്‍വീസ് കാലത്തെ ജീവിതാനുഭവങ്ങള്‍ സിനിമയാക്കാനാണ് തീരുമാനം. കുസൃതിക്കാറ്റ്, ബോക്‌സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീത സംവിധാനം തച്ചങ്കരി മുന്‍പ് നിര്‍വഹിച്ചിട്ടുണ്ട്. പോലീസിന്റെ മ്യൂസിക് ബാന്‍ഡിനും തച്ചങ്കരി നേതൃത്വം നല്‍കിയിരുന്നു.

കുസൃതിക്കാറ്റ്, ബോക്‌സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീത സംവിധാനം തച്ചങ്കരി മുന്‍പ് നിര്‍വഹിച്ചിട്ടുണ്ട്

സര്‍വീസ് കാലയളവില്‍ ടോമിന്‍ തച്ചങ്കരിയെ വിവാദങ്ങള്‍ വിടാതെ പിന്‍തുടര്‍ന്നിരുന്നു. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന വിജിലന്‍സ് കേസാണ് അവയില്‍ പ്രധാനം. 2003 - 2007 കാലത്ത് 65.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തലില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനും ഐബിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

ഭാര്യ അനിതയുടെ പേരിലുള്ള റിയാന്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് വ്യാജ സിഡി ആരോപണവും ഉയര്‍ന്നിരുന്നു

2016ല്‍ ഗതാഗത കമ്മീഷണറായിരിക്കെ കൈക്കൂലി വാങ്ങിയ സംഭവത്തിലും വിജിലന്‍സ് കേസെടുത്തിരുന്നു. പാലക്കാട് ആര്‍ടിഒ ആയിരുന്ന ശരവണനില്‍ നിന്നും 9 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്ന് തച്ചങ്കരി അന്വേഷണം നേരിട്ടത്. അന്തരിച്ച ഭാര്യ അനിതയുടെ പേരിലുള്ള റിയാന്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് വ്യാജ സിഡി ആരോപണവും ഉയര്‍ന്നിരുന്നു. ആന്റി പൈറസി നോഡല്‍ ഓഫീസറായിരുന്ന ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അന്ന് അന്വേഷണം നടന്നത്

വിവാദങ്ങള്‍ അവസാനിപ്പിക്കാതെ തന്നെയാണ് തച്ചങ്കരിയുടെ വിരമിക്കല്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത മാനേജ്മെന്‍റ് നടപടിക്കെതിരെ ടോമിന്‍ തച്ചങ്കരി പ്രതികരിച്ചിരുന്നു. യൂണിയനുകളെ നിയന്ത്രിച്ചാല്‍ കെഎസ്ആര്‍ടിസിയെ രക്ഷപെടുത്താമെന്നും ഇപ്പോഴത്തെ സിഎംഡിക്ക് ബിസിനസ് അറിയില്ലെന്നും കുറ്റപ്പെടുത്തിയ തച്ചങ്കരിക്കെതിരെ ഗതാഗത മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ടോമിന്‍ തച്ചങ്കരി കഥയറിയാതെ ആട്ടം കാണുകയാണെന്നും തച്ചങ്കരിയുടെ കാലത്ത് ഉണ്ടാക്കിവെച്ച ഭാരമാണ് ഇന്നും കെഎസ്ആര്‍ടിസി ചുമക്കുന്നതെന്നും മന്ത്രി തുറന്നടിച്ചിരുന്നു.

അര്‍ഹതയുണ്ടായിരുന്നിട്ടും സംസ്ഥാന പോലീസ് മേധാവി പദവിയും ടോമിന്‍ തച്ചങ്കരിക്ക് നിഷേധിക്കപ്പെട്ടിരുന്നു. ജൂനിയറായ ഉദ്യോഗസ്ഥന്‍ പോലീസ് മേധാവി സ്ഥാനത്തെത്തിയപ്പോള്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്യു മേധാവിയായും, കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായും പ്രവര്‍ത്തിച്ചു.

എറണാകുളം ക്രൈംബ്രാഞ്ച്, ടെക്‌നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡിഐജിയായും കേരളാ മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കേരളാ ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവിടങ്ങളിലെ മാനേജിംഗ് ഡയറക്ടറായും ചുമതല വഹിച്ചിരുന്നു. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഐജി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ പദവികളും, കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതലയും വഹിച്ചിട്ടുണ്ട്.

ഫയര്‍ ആന്റ് റെസ്‌ക്യു മേധാവിയായും, കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായും പ്രവര്‍ത്തിച്ചു. പോലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയന്‍, കോസ്റ്റല്‍ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപിയായിരുന്നു. കേരളാ ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു.

logo
The Fourth
www.thefourthnews.in