ഭാഗ്യക്കുറി
ഭാഗ്യക്കുറി

ലോട്ടറി അടിച്ചോ? ഇനി കുറച്ചു പഠിക്കാം!

ലോട്ടറിയടിക്കുന്നവർക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ഭാഗ്യക്കുറി വകുപ്പ്.
Updated on
2 min read

ലോട്ടറി അടിച്ചോ? എങ്ങനെയാണ് തുക കൈകാര്യം ചെയ്യേണ്ടതെന്ന് തീരുമാനിച്ചോ? ഇല്ലെങ്കിൽ, ഇനി കുറച്ചു പഠിക്കാം. ലോട്ടറിയടിച്ച തുക എങ്ങനെ ചെലവിടണമെന്നതിന് പരിശീലനം നൽകാൻ സംസ്ഥാന ലോട്ടറി വകുപ്പ് തയാറെടുക്കുകയാണ്.

പ്രതീക്ഷിക്കാതെ ഭീമമായ സമ്മാനത്തുക കൈയിലെത്തുമ്പോൾ, സന്തോഷത്തേക്കാളേറെ പരിഭ്രമമാണ് ഉണ്ടാവുകയെന്നാണ് ഭാഗ്യശാലികളിൽ അധികവും പറയുന്നത്. നിർത്താതെയുള്ള ഫോൺ വിളികളും അഭ്യർത്ഥനകളും പതിവാണ്. ഇത് സമ്മാനത്തുക കൈപ്പറ്റുന്നതിനു മുമ്പു തന്നെ ജേതാക്കളെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിടുകയാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍, ധനമന്ത്രി അവതരിപ്പിച്ച പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ (GIFT) ചുമതലപ്പെടുത്തിയതായി സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലെ പബ്ലിസിറ്റി ഓഫീസര്‍ ബി ടി അനിൽകുമാർ , 'ദ ഫോർത്തി'നോട് പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ, ധനമന്ത്രി കെഎൻ ബാലഗോപാൽ മുന്നോട്ടു വച്ച പദ്ധതി, അധികം വൈകാതെ തന്നെ പ്രാബല്യത്തിൽ വരും. നീതിപരമായ സാമ്പത്തിക ഇടപാടുകളും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളും ഉൾപ്പെടുത്തി, പല വിഭാഗങ്ങളിലായി വിദഗ്‌ധരുടെ മാര്‍ഗനിര്‍ദ്ദേശ ക്ലാസുകൾ ജേതാക്കൾക്ക് നൽകുകയാണ് പദ്ധതി ലക്ഷ്യം. ഇത് മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും അവരെ സഹായിക്കും.

ഒട്ടും വൈകിപ്പിക്കാതെ തന്നെ പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതിയുടെ ശാസ്ത്രീയ വശങ്ങൾ പഠിക്കാനും പരിശീലന മാതൃക തയാറാക്കാനുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ (GIFT) ചുമതലപ്പെടുത്തിയതായി സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലെ പബ്ലിസിറ്റി ഓഫീസര്‍ ബി ടി അനിൽകുമാർ, 'ദ ഫോർത്തി'നോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളില്‍ ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാന ജേതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് സര്‍വ്വേ നടത്തിയാണ് രൂപരേഖ തയാറാക്കുക.

നികുതി കഴിഞ്ഞ് ജേതാവിന് ലഭിക്കുന്ന തുകയെക്കുറിച്ചും സുരക്ഷിത നിക്ഷേപങ്ങളെ കുറിച്ചും വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശ ക്ലാസ്സുകള്‍ പദ്ധതിയുടെ ഭാഗമാക്കും.

പത്തു മുതൽ പന്ത്രണ്ടു വരെ വർഷം മുന്പുള്ള ജേതാക്കളെ പട്ടികയിൽ ഉൾപ്പെടുത്തും. അവരുടെ സാമ്പത്തിക സ്ഥിതിയും ഭാഗ്യക്കുറി തുകയുടെ വിനിയോഗവും അന്വേഷിക്കും. ബംപർ സമ്മാന ജേതാക്കളെ മാത്രമല്ല, ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ലക്ഷങ്ങൾ സമ്മാനം നേടുന്നവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജേതാക്കള്‍ക്ക് സംശയനിവാരണത്തിനായി വിദഗ്ധരുടെ സേവനം ലഭ്യമാക്കും.

നികുതി കഴിഞ്ഞാൽ, എത്ര തുകയാവും ജേതാവിന് ലഭിക്കുകയെന്ന സ്ഥിരം ആശങ്കയ്ക്ക് പരിഹാരവും പദ്ധതിയിലൂടെ ഉണ്ടാകും. സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി, ഫലപ്രദമായ ധന വിനിയോഗം, സുരക്ഷിത നിക്ഷേപങ്ങള്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമാക്കുമെന്നും അനിൽകുമാർ പറഞ്ഞു.

തന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഭാഗ്യക്കുറിയുടെ നടപടികളും നിബന്ധനകളും നിഷ്പ്രയാസം മനസിലാക്കാൻ പദ്ധതി സഹായിക്കുമെന്ന് ഓണം ബംപര്‍ ഒന്നാം സമ്മാന ജേതാവായ അനൂപ് പ്രതികരിച്ചു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ ഇത്തവണത്തെ ഓണം ബംപർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്. ഓട്ടോ ഡ്രൈവറായ അനൂപിന് അപ്രതീക്ഷിതമായുണ്ടായ പ്രശസ്തി, മറ്റൊരു തരത്തിലെ മാനസിക സംഘർഷത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നികുതി കഴിഞ്ഞ് എത്ര തുകയാണ് തനിക്ക് ലഭിക്കുക എന്നതിനെപ്പറ്റി കൃത്യമായ അറിവില്ലെന്നും, ബാങ്കിൽ പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടും സഹായങ്ങൾ ചോദിച്ചും നിരവധി പേരാണ് തന്നെ സമീപിക്കുന്നതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു.

അപരിചിതർ വീട്ടിലെത്തി പണം ആവശ്യപ്പെടുന്ന സാഹചര്യം തന്നെ ആശങ്കയിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭീമമായ തുക കൈകാര്യം ചെയ്യുന്നതിലും ആശങ്ക പ്രകടിപ്പിച്ച അനൂപ്, സർക്കാരിന്റെ പുതിയ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ഇതിലൂടെ തന്നെപ്പോലുള്ള സാധാരണക്കാർക്ക് ഭാഗ്യക്കുറിയുടെ നടപടികളുടെ നിബന്ധനകളും നിഷ്പ്രയാസം മനസിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

logo
The Fourth
www.thefourthnews.in