വിസിമാരുടെ രാജി ആവശ്യം: കോൺഗ്രസിൽ ഭിന്നത; ഗവർണറെ പിന്തുണച്ച് സതീശൻ, തള്ളി കെസി വേണുഗോപാൽ
വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ കോൺഗ്രസിൽ ഭിന്നത. ഗവർണറുടെ ഇടപെടൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്യുമ്പോൾ എതിർത്ത് കെസി വേണുഗോപാൽ രംഗത്തെത്തി. ഗവർണറുടെ തിട്ടൂരം ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്നും ഇത് എതിർക്കപ്പെടേണ്ടതാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഗവർണറുടെ ഇടപെടൽ അതിരു കടന്നതെന്ന് മുസ്ലീം ലീഗും നിലപാടെടുത്തു.
ഉന്നത വിഭ്യാഭ്യസമേഖലയിലെ സർക്കാർ നടപടികളിൽ ഒരേ വിമർശനമുണ്ടെങ്കിലും ഇതിനെതിരെ ഗവർണർ സ്വീകരിക്കുന്ന ഇടപെടലിലാണ് അഭിപ്രായഭിന്നത. ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സി വേണുഗോപാൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പാക്കുകയാണ് ഗവർണറെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാടാണ് ഗവർണറുടേത്. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി നിലപാടെടുക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. വിസിമാർ രാജിവെയ്ക്കണമെന്ന ഗവർണറുടെ തീട്ടൂരം ജനാധിപത്യ സീമകളുടെ ലംഘനമെന്നും എതിർക്കപ്പെടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ നടപടിയെ ഇന്നലെ പൂർണമായും സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് നിലപാട് മയപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ ഗവർണറുടെ നടപടി അനുയോജ്യമാണെന്നും സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് കൂട്ടുനിന്ന ഗവർണർ, തെറ്റ് തിരുത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നെന്നുമാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞത്. ഗവർണർക്കുള്ള പിന്തുണ വിഷയാധിഷ്ഠിതമാണെന്ന് ഇന്ന് പറഞ്ഞ വി ഡി സതീശൻ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് പ്രതിപക്ഷമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. കെസി വേണുഗോപാലും താനും പറഞ്ഞത് രണ്ട് നിലപാടുകളല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഗവർണറുടെ നടപടിയെ ഇന്നലെ പൂർണമായും സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് നിലപാട് മയപ്പെടുത്തി.
വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട്. വിസിമാരുടെ രാജി ആവശ്യപ്പെട്ട വിഷയത്തിൽ ഭിന്നാഭിപ്രായമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ എംപിയും ഇന്നലെ രംഗത്തെത്തിയിരുന്നു.
'ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യം'
ഗവർണറുടെ അന്ത്യശാസനം എതിർക്കുന്നതാണ് മുസ്ലിം ലീഗ് നിലപാട്. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എന്നാൽ സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും മുസ്ലീം ലീഗ് വ്യക്തമാക്കുന്നു.