വിഴിഞ്ഞം ക്രമസമാധാനപാലനത്തിന് പ്രത്യേക പോലീസ് സംഘം; ഡിഐജി ആര്‍ നിശാന്തിനി സ്‌പെഷ്യൽ ഓഫീസർ
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഡിഐജി ആര്‍ നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറാക്കിയാണ് സംഘത്തെ രൂപികരിച്ചത്. സ്‌പെഷ്യൽ ഓഫീസർക്ക് കീഴില്‍ അഞ്ച് എസ് പി മാരെയും നിയോഗിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തെ ക്രമസമാധന ചുമതലയും സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ മേല്‍ നേട്ടം വഹിക്കുന്നതിനുള്ള ചുമതലയും ഇനി ഈ പ്രത്യേക സംഘത്തിനായിരിക്കും. മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ ചേർന്ന ഉന്നത തലയോഗമാണ് ചുമതല പ്രത്യേക സംഘത്തിന് നല്‍കാന്‍ തീരുമാനിച്ചത്.
വിഴിഞ്ഞത്ത് കെഎസ്ആർ ടിസി ബസുകൾ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർ ടിസി ജീവനക്കാരുടെ വിശ്രമമുറിയുടെ ജനൽ ചില്ല് തകർത്തെന്നും എഫ്ഐആര്‍റില്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ താത്കാലത്തേക്ക് വേണ്ട എന്നാണ് പോലീസ് തീരുമാനം.
അതേസമയം ലത്തീൻ അതിരൂപത ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം നടത്തുന്നത്. അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും ഇന്ന് നടക്കും.