മർദനമേറ്റ വിഘ്നേഷും വിഷ്ണുവും
മർദനമേറ്റ വിഘ്നേഷും വിഷ്ണുവും

കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദനത്തിൽ റിപ്പോർട്ട് തേടി പോലീസ് മേധാവി

രണ്ട് മാസം മുൻപാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും അതിക്രൂരമായി പോലീസ് മർദ്ദിച്ചത്
Updated on
2 min read

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ് മേധാവി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. രണ്ട് മാസം മുൻപാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മർദ്ദിച്ചത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണര്‍ സ്ഥലം മാറ്റിയിരുന്നു.

മർദനമേറ്റ വിഘ്നേഷും വിഷ്ണുവും
കിളികൊല്ലൂർ സ്റ്റേഷന്‍ ആക്രമണം: പൊളിഞ്ഞത് പോലീസിന്റെ തിരക്കഥ; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

കഴിഞ്ഞ മാസം 25നായിരുന്നു വിഷ്ണുവും സഹോദരൻ വിഘ്നേഷും പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന വിഘ്‌നേഷും വിഷ്ണുവും പോലീസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മർദ്ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം. ഇരുവരുടെയും മർദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

ഇതേക്കുറിച്ച് വിഘ്നേഷ് പറയുന്നത് ഇങ്ങനെ:

പൊതു പ്രവർത്തകന്‍ കൂടിയായ തന്നെ പ്രദേശവാസിയായ മണികണ്ഠൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ''ഒരാവശ്യമുണ്ട് സ്റ്റേഷനിലേക്ക് വേഗം വരണമെന്ന് പറഞ്ഞ്'' വിളിച്ചുവരുത്തുകയായിരുന്നുവെന്ന് വിഘ്നേഷ് പറഞ്ഞു. ''ഫോണില്‍ വിളിക്കുമ്പോള്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. സ്റ്റേഷനിൽ എത്തിയപ്പോഴാണ് എംഡിഎംഎ കൈവശം വെച്ചതിന് അറസ്റ്റിലായ ഒരാൾക്ക് ജാമ്യം നിൽക്കാനാണ് വിളിപ്പിച്ചതെന്ന് അറിയുന്നത്. പോലീസ് സെലക്ഷന്‍ ലഭിച്ചിട്ടുള്ളതിനാല്‍ ജാമ്യം നില്‍ക്കാനാകില്ലെന്ന് അറിയിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങി. ഇതിനിടെ, തന്നെ അന്വേഷിച്ചെത്തിയ വിഷ്ണുവിനെ ഉദ്യോഗസ്ഥനായ പ്രകാശ് പ്രകോപനമൊന്നുമില്ലാതെ കയ്യേറ്റം ചെയ്തു. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി സംശയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ പരാതി പറയാൻ എസ്ഐയുടെ മുന്നിലെത്തി. എന്നാൽ എസ്ഐയുടെ മുന്നിലിട്ടും ഞങ്ങളെ പ്രകാശ് മർദിച്ചു. കൈകൊണ്ട് പ്രതിരോധിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്തപ്പോള്‍, പ്രകാശ് കാൽ തെറ്റി താഴെ വീണു. അതിനിടെ തല പൊട്ടി. ഇതോടെ മറ്റുള്ള പോലീസുകാർ അസഭ്യം പറയുകയും കൂട്ടംകൂടി മർദ്ദിക്കുകയുമായിരുന്നു. സഹോദരന്റെ ചൂണ്ടുവിരൽ തല്ലിയൊടിച്ചു. '' -വിഘ്‌നേഷ് പറഞ്ഞു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാനാണ് പോലീസ് പറഞ്ഞതെന്നും ആരോപണമുണ്ട്.

വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയ സൈനികന്‍ കൂടിയായ വിഷ്ണു കേസിൽ പ്രതിയാണെന്ന കഥ പരന്നതോടെ വിവാഹം മുടങ്ങി. പോലീസ് സെലക്ഷൻ ലഭിക്കാൻ കായിക ക്ഷമത പരീക്ഷ മാത്രമായിരുന്നു വിഘ്‌നേഷിന് ബാക്കി ഉണ്ടായിരുന്നത്. ക്രൂരമായ മർദനമേറ്റതിനെ തുടർന്ന് ഇനി പരീക്ഷയിൽ പങ്കെടുക്കാൻ കഴിമെന്ന പ്രതീക്ഷ വിഘ്നേഷിനുമില്ല.

യാതൊരു കാരണവുമില്ലാതെ തങ്ങൾക്കെതിരെ പോലീസ് നടത്തിയ ഗുണ്ടായിസത്തില്‍ കർശന നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് വിഘ്‌നേഷ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in