'ബിജെപിയില്‍ അവഗണന മാത്രം'; സംവിധായകന്‍ രാജസേനന്‍ ഇനി സിപിഎമ്മിനൊപ്പം

സിപിഎമ്മിന്റെ കലാ-സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്നും രാജസേനന്‍

സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സിപിഎമ്മിലേക്ക്. ഇന്ന് മുതല്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബിജെപി നേതൃത്വത്തിന് രാജിക്കത്ത് കൈമാറുമെന്നും രാജസേനന്‍ പറഞ്ഞു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷമായിരുന്നു രാജസേനന്റെ പ്രതികരണം.

രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍ നിന്ന് നേരിട്ടത്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ട്ടി സിപിഎം ആണെന്നും രാജസേനന്‍ വ്യക്തമാക്കി.

ബിജെപി നിര്‍ദേശ പ്രകാരം കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരിച്ചെങ്കിലും പിന്നീട് ഒരു വേദി പോലും അനുവദിച്ചിട്ടില്ലെന്നും കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം തന്നില്ലെന്നും രാജസേനന്‍ പറയുന്നു

നേരത്തെ 2016ല്‍ അരുവിക്കര മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രാജസേനന്‍. തിരഞ്ഞെടുപ്പില്‍ തന്റെ കയ്യില്‍ നിന്നും വലിയ തുക ചെലവായെന്നും തിരഞ്ഞെടുപ്പ് ഫണ്ട് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രാജസേനന്റെ ആരോപണം. ആശയപരമായി ബിജെപിയുമായി പ്രശനമുണ്ട്. മനസ് കൊണ്ട് സിപിഎമ്മിനൊപ്പമാണ്. സിപിഎമ്മിന്റെ കലാസാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അംഗമാകുന്നതൊക്കെ പിന്നീട് നേതൃത്വം തീരുമാനിക്കുമെന്നും രാജസേനന്‍ പറഞ്ഞു.

2016 ല്‍ കുമ്മനം രാജശേഖരന്‍ നടത്തിയ വിമോചന യാത്രയുടെ സമാപന വേദിയില്‍ വച്ചാണ് രാജസേനന്‍ ബിജെപിയിലേക്ക് ചേക്കേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി സംസ്ഥാന സമിതിയിലേക്കും തിരഞ്ഞടുക്കപ്പെട്ടു. ബിജെപി നിര്‍ദേശ പ്രകാരം കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരിച്ചെങ്കിലും പിന്നീട് ഒരു വേദി പോലും അനുവദിച്ചിട്ടില്ലെന്നും കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം തന്നില്ലെന്നും രാജസേനന്‍ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in