'കുറ്റകരമായ മൗനം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നേതൃത്വം പരാജയം'; ആഷിഖ് അബു ഫെഫ്കയിൽനിന്ന് രാജിവെച്ചു

'കുറ്റകരമായ മൗനം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നേതൃത്വം പരാജയം'; ആഷിഖ് അബു ഫെഫ്കയിൽനിന്ന് രാജിവെച്ചു

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഫെഫ്കയുടെ കുറ്റകരമായ മൗനം നിരാശപ്പെടുത്തിയെന്ന് ആഷിഖ് അബു
Updated on
2 min read

ചലച്ചിത്രമേഖലയിലെ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽനിന്ന് രാജിവെച്ച് സംവിധായകൻ ആഷിഖ് അബു. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ നേതൃത്വം കുറ്റകരമായ മൗനം പാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു രാജി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു.

സംഘടനാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ആഷിഖ് അബു സംഘടനയിൽനിന്ന് പടിയിറങ്ങുന്നത്.  നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചും പ്രതിഷേധിച്ചും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന്  രാജിവെയ്ക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.

''ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രക്കുറിപ്പെന്ന പേരിൽ പുറത്തിറങ്ങുന്ന കുറച്ചു വാചകക്കസർത്തുകൾ, പഠിച്ചിട്ടു പറയാം, വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം എന്നിവയൊക്കെ ഒരംഗമെന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു,'' ആഷിഖ് അബു രാജിക്കത്തിൽ പറഞ്ഞു.

'കുറ്റകരമായ മൗനം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നേതൃത്വം പരാജയം'; ആഷിഖ് അബു ഫെഫ്കയിൽനിന്ന് രാജിവെച്ചു
ലൊക്കേഷനിലെ ലൈംഗികാതിക്രമം: ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി, അറസ്റ്റ് ഭയന്ന് നടന്‍ ഉടനെ കേരളത്തിലേക്കില്ല

സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവും നിറവേറ്റാൻ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യാറാകുന്നില്ലെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു.

ആഷിഖ് അബു പങ്കുവെച്ച വാർത്താകുറിപ്പിന്റെ പൂർണരൂപം:

2009 ഒക്ടോബറിൽ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്.

2012ൽ ഒരു സിനിമയുടെ നിർമാതാവിൽനിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടത് തികച്ചും അന്യായമായാണ്. അതേ നിർമ്മാതാവിന്റെ മറ്റൊരു ചിത്രം നിർമാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്. എന്നാൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഇതേ നിർമ്മാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയിൽനിന്ന് ഈ തുകക്കുവേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന, ഞങ്ങൾക്കവകാശപ്പെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയിൽനിന്ന് 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫീസിൽനിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോൺ കോളുകൾ.

വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മീഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് സിബി മലയിലിനോട് ഞാൻ തർക്കം ഉന്നയിച്ചു. അതേത്തുടർന്ന് ഞാനും സിബി മലയിലും തമ്മിൽ വാക്ക് തർക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിൽ സിബി മലയിൽ. തൊഴിലാളി സംഘടന പരാതിയിൽ ഇടപെടുന്നതിന് കമ്മീഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിർബന്ധപൂർവം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ഞാൻ ചെക്ക് എഴുതി കൊടുത്തുവിട്ടു. ഞാൻ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയിൽ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപ്പെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പക്കൽനിന്ന് 20 ശതമാനം 'സർവീസ് ചാർജ് ' സംഘടന വാങ്ങി. എനിക്ക് നിർമാതാവിൽനിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല.

'കുറ്റകരമായ മൗനം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നേതൃത്വം പരാജയം'; ആഷിഖ് അബു ഫെഫ്കയിൽനിന്ന് രാജിവെച്ചു
തിരിഞ്ഞുകൊത്തുന്ന മുന്‍ നിലപാടുകള്‍, മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റേത്‌ നേരത്തെ കോണ്‍ഗ്രസ് എടുത്ത നിലപാട്! രാജി ആവശ്യപ്പെടാനാകാതെ പ്രതിപക്ഷം

ഈ ഘട്ടത്തിൽ തന്നെ ഞാൻ സംഘനടയിൽനിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ വീണ്ടും വരി വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടർന്ന് പോന്നു. എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രക്കുറിപ്പെന്ന പേരിൽ പുറത്തിറങ്ങുന്ന കുറച്ചു വാചക കസർത്തുകൾ, ' പഠിച്ചിട്ടു പറയാം ' ' വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത്'എന്ന നിർദേശം എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.

നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽനിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു.

logo
The Fourth
www.thefourthnews.in