'അഭിനയിക്കാനെത്തിയപ്പോള്‍ മോശമായി പെരുമാറി', രഞ്ജിത്തിനെതിരെ ബംഗാളി നടി; നിഷേധിച്ച് സംവിധായകന്‍, വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് ജോഷി ജോസഫ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലേ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് താരത്തിന്‌റെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ പറയുന്നു.
ശ്രീലേഖയുടെ വാക്കുകള്‍
ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. ഇതിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കണ്ടു. കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നു.
വൈകിട്ട് അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‌റെ റൂമിലേക്ക് രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാന്‍ ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ ഒരു മാധ്യമത്തോട് പറഞ്ഞു.
ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ല. സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോട് പരാതി അറിയിച്ചിരുന്നു. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ല. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളിലും വേണമെന്നും ശ്രീലേഖ പറഞ്ഞു.
എന്നാല്‍ നടിയുടെ ആരോപണത്തെ സംവിധായകന്‍ രഞ്ജിത് നിഷേധിച്ചു. പാലേരി മാണിക്യത്തിന്‌റെ ഓഡിഷന് ശ്രീലേഖ മിത്ര വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത് പറയുന്നു.
അതേ സമയം രഞ്ജിത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ തന്നോട് പറഞ്ഞിരുന്നതായി ഡോക്യുമെന്‌ററി സംവിധായകന്‍ ജോഷി ജോസഫ് വ്യക്തമാക്കി. കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് പറഞ്ഞെന്നും ഞാന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും ജോഷി ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഇക്കാര്യം അക്കാലത്തതന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും എഴുത്തുകാരി കെ ആര്‍ മീരയോടും പറഞ്ഞിരുന്നുവെന്നും ജോഷി വെളിപ്പെടുത്തി.
'ശ്രീലേഖ പറഞ്ഞത് ശരിയാണ്. ആ സമയത്ത് ഞാന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. അക്‌സിഡന്റലായി ശ്രീലേഖയെ വിളിച്ചപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്‌നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തില്‍ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലില്‍ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്. ഇന്‌റര്‍വ്യൂവില്‍ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്. എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു. സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആര്‍ മീരക്കും അറിയാം. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാന്‍ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാന്‍ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്' ജോഷി പറഞ്ഞു.