സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനുപിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിഖ്യാത ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും സംവിധായകനുമായ സംവിധായകനുമായ ശിവശങ്കരന്‍ നായരു (ശിവന്‍)ടെയും ചന്ദ്രമണിയുടെയയും മകനായി 1959ലായിരുന്നു ജനനം. ചലച്ചിത്രമേഖലയിൽ സജീവ സാന്നിധ്യമായ സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സംവിധായകന്‍, നിശ്ചലഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സംഗീത് ശിവന്‍. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ 'രോമാഞ്ചം' എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കാനും അദ്ദേഹം തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.
തിരുവനന്തപുരം ലയോള സ്‌കൂള്‍, എം ജി കോളേജ്, മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1976ല്‍ ബിരുദ പഠനത്തിനശേഷം പരസ്യങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്യാന്‍ തുടങ്ങി. ആ സമയത്താണ് സഹോദരനുമായി ചേര്‍ന്ന് പരസ്യക്കമ്പനിക്ക് രൂപം നല്‍കുന്നത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററികളില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു.
ഇതിനിടയില്‍ പൂനെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് ചെയ്തിരുന്നു. അതേ സമയത്തുതന്നെ യൂണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിരുന്നു. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന്‍ സന്തോഷ് ശിവന്‍ ആ സമയത്ത് തിരക്കുള്ള ഛായാഗ്രാഹകനായി മാറിയിരുന്നു. സഹോദരന്റെ നിരന്തരമായ പ്രേരണയെത്തുടര്‍ന്നാണ് സംഗീത് ചലച്ചിത്രരംഗത്തേക്കു കടന്നവരുന്നത്.
യോദ്ധ, ഡാഡി, ഗാന്ധര്‍വ്വം,നിര്‍ണയം, വ്യൂഹം തുടങ്ങിയ ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിനുപുറമെ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1990ല്‍ രഘുവരനയെും സുകുമാരനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗ ഫിലിംസിനുവേണ്ടി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. അവതരണത്തിലെ പുതുമ കാരണം ചിത്രത്തിനു മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറി. യോദ്ധയിലൂടെ എ ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീതം ശിവനാണ്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ചത് സഹോദരൻ സന്തോഷ് ശിവനായിരുന്നു.
സണ്ണി ഡിയോളിനെ നായികയാക്കി സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൂടാതെ ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനും തന്റെ കരിയറിലെ വലിയ ബ്രേക്ക് നല്‍കിയതും സംഗീത് ശിവനാണ്.