കേരളത്തില്‍ കൊടും ചൂട്;  എട്ട് ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്

കേരളത്തില്‍ കൊടും ചൂട്; എട്ട് ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്

ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ താപസൂചിക പ്രകാരം സംസ്ഥാനത്ത് സൂര്യാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്
Updated on
1 min read

കേരളം വര്‍ഷാദ്യത്തില്‍ തന്നെ ചൂട്ടു പൊള്ളുകയാണ്. എട്ട് ജില്ലകളില്‍ ഇതിനകം ചൂട് പരിധി വിട്ടു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ താപസൂചികയിലാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരത്താണ് ചൂടിന് കാഠിന്യം ഏറ്റവും കൂടുതല്‍. ഇതാദ്യമായാണ് ദുരന്ത നിവാരണ വകുപ്പ് താപസൂചിക പുറത്തിറക്കുന്നത്.

Summary

താപസൂചിക

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർധിക്കുന്നു.

കേരളത്തില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഗുരുതരമല്ലാത്ത താപനിലയായി കണക്കാക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ താപസൂചിക ഭൂപടത്തില്‍ എട്ട് ജില്ലകളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. തിരുവനന്തപുരം ജില്ലയുടെ ചില പ്രദേശങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൂര്യാഘാതത്തിനും വരെ കാരണമാകുന്ന തരത്തില്‍ ചൂട് കൂടുതലാണെന്നാണ് കണ്ടെത്തല്‍. 54 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന താപനില.

അന്തരീക്ഷ താപനിലയ്‌ക്കൊപ്പം ഈര്‍പ്പത്തിന്റെ അളവ് കൂടി പരിശോധിച്ച ശേഷമാണ് മനുഷ്യന് അനുഭവപ്പെടുന്ന ചൂടിന്റെ തോത് കണക്കാക്കുന്നത്. ഇതാണ് താപസൂചിക. തീരദേശ സംസ്ഥാനമായതിനാല്‍ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലാണ്. ഒപ്പം പ്രതിദിന അന്തരീക്ഷ താപനില കൂടി ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ചൂട് കൂടും എന്നാണ് ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കുന്നത്.

ദിവസവും ഉച്ചയ്ക്ക് രണ്ട് മണിക്ക് അന്തരീക്ഷ താപനിലയും അന്തരീക്ഷ ഈര്‍പ്പവും പരിശോധിച്ച ശേഷമാണ് താപസൂചിക തയ്യാറാക്കുന്നത്. മഴ മുന്നറിയിപ്പ് പോലെ ഇനിമുതല്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ഇതുവഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ചൂടിനെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in