സിബി മാത്യൂസ്
സിബി മാത്യൂസ്

സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2017ല്‍ സിബി മാത്യൂസ് എഴുതിയ 'നിര്‍ഭയം' എന്ന പുസ്തകത്തെ ചൂണ്ടിക്കാട്ടിയാണ് പരാതി
Updated on
1 min read

സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകമെഴുതിയ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നിയമോപദേശം നല്‍കിയത്. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് ഐപിസി 228 (എ) പ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നല്‍കിയിട്ടുള്ളത്.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2017ല്‍ സിബി മാത്യൂസ് എഴുതിയ 'നിര്‍ഭയം' എന്ന പുസ്തകത്തെ ചൂണ്ടിക്കാട്ടിയാണ് പരാതി. അതിജീവിതയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വയാണ് പരാതി നല്‍കിയത്.

സിബി മാത്യൂസ് നേതൃത്വം നല്‍കിയ സൂര്യനെല്ലി കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു പരാതിക്കാരനായ ജോഷ്വ. പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്.

logo
The Fourth
www.thefourthnews.in