സോളാര്‍ പീഡനക്കേസിൽ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടില്ല, ഗൂഢാലോചന അന്വേഷിക്കാന്‍ മടിയില്ലെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയം നിയമസഭ തള്ളി
പിണറായി വിജയൻ
പിണറായി വിജയൻ

സോളാർ സഭ ചർച്ച ചെയ്യുന്നു

സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന നിയമസഭ ചർച്ച ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിലാണ് ചർച്ച. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം

നട്ടാൽ കുരുക്കാത്ത നുണകളുടെ പേരിൽ വേട്ടയാടലും അവഹേളവും ഉമ്മൻ ചാണ്ടി നേരിട്ടെന്ന് ഷാഫി പറമ്പിൽ. അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം.

വിഎസ് ഉമ്മൻ ചാണ്ടിയെ വേട്ടയാടി

അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹീനമായ ഭാഷയില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടി.

ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനം

അഞ്ച് വ്യാജ കത്തുകള്‍ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി - ഷാഫി പറമ്പിൽ

മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം

ദല്ലാൾ നന്ദകുമാറിനെ നേരിട്ടുകാണാൻ പരാതിക്കാരിക്ക് എങ്ങനെ അപ്പോയ്മെന്റ്  നൽകിയെന്ന് ഷാഫി പറമ്പിൽ. ലാവലിൻ കേസിൽ നന്ദകുമാറിന്റെ പങ്ക് മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നതാണ്.

കെടി ജലീല്‍ സംസാരിക്കുന്നു

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കെ ടി ജലീല്‍ സംസാരിക്കുന്നു.

ശത്രുക്കള്‍ കൂടെയുള്ളവര്‍

സോളാറിന്റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോണ്‍ഗ്രസുകാരാണെന്ന് കെടി ജലീൽ. ഉമ്മൻ ചാണ്ടിയുടെ ശത്രു കൂടെയുള്ളവർ തന്നെയെന്നും ജലീൽ ആരോപിച്ചു.

ഈ രക്തത്തിൽ എൽഡിഎഫിന് പങ്കില്ല - കെ ടി ജലീൽ

സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലിനെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് കെ ടി ജലീൽ. സോളാർ തട്ടിപ്പ് കേസിൽ പരാതിക്കാരെ അറസ്റ്റ് ചെയ്തത് യുഡിഎഫ് സർക്കാരാണ്. ശിവ രാജൻ കമ്മീഷൻ പറഞ്ഞ കാര്യങ്ങളാണ് നാട്ടിൽ പാട്ടായതെന്നും കെ ടി ജലീൽ

ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്തിയത് പാർട്ടി ചാനലല്ല

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് ഇടതുപക്ഷ ചാനലുകളല്ലെന്ന് കെ ടി ജലീൽ. ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മറ്റ് ചാനലുകളാണ് അത്തരം വാർത്തകൾ നൽകിയത്.

 കെ ടി ജലീലിന്റെ മറുപടി കുറ്റസമ്മതമെന്ന് സണ്ണി ജോസഫ്

കെ ടി ജലീലിന്റെ മറുപടി കുറ്റസമ്മതമായി കണക്കാക്കാമെന്ന് സണ്ണി ജോസഫ്. ശ്രീധരൻ നായർ കൊടുത്ത കേസിൽ ഉമ്മൻ ചാണ്ടി ഒരു സാക്ഷി പോലുമല്ലായിരുന്നു. വാദിയെ പ്രതിയാക്കാതെ ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചതിന് മാപ്പ് പറയണം.

പ്രതി കോണ്‍ഗ്രസുകാര്‍ തന്നെ

ചാണ്ടി ഉമ്മന്‍ സഭയില്‍ വന്ന ദിവസം തന്നെ ഈ ചര്‍ച്ച വേണമായിരുന്നോയെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ. കോണ്‍ഗ്രസ് നടത്തിയ നാടകങ്ങളുടെ ഇരയാണ് ഉമ്മന്‍ചാണ്ടിയെന്നും ബാലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുന്നു

സര്‍ക്കാര്‍ വാദിയെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍ ഷംസുദ്ദീന്‍.

ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കരുത്

കോണ്‍ഗ്രസ് ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണെന്ന് പിപി ചിത്തരഞ്ജന്‍.

മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കെ കെ രമ. സോളാര്‍ കേസില്‍ നടന്നത് നെറികെട്ട വ്യക്തിഹത്യയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.

ആ കത്ത് പണം മേടിച്ച് എഴുതിയ വ്യാജ നിർമ്മിതി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഭരണക്ഷി നേതാക്കള്‍ സംസാരിച്ചപ്പോൾ ബൈബിളിലെ പീലാത്തോസിനെയാണ് ഓർമ വന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 'ഭരണപക്ഷം പിലാത്തോസുമാരാകുന്നു, ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ നീക്കം' എന്നും അദ്ദേഹം ആരോപിച്ചു.

നന്ദകുമാർ 50 ലക്ഷം രൂപ കൊടുത്ത് കത്ത് വാങ്ങി എന്നാണ് മൊഴി. ആരാണ് ദല്ലാൾ നന്ദകുമാറിന് പണം നൽകിയത്, അത് ഭരണ പക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോളാര്‍ കേസില്‍ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഞാനൊരു തുറന്ന പുസ്തകം, ആരോപണങ്ങള്‍ തള്ളി കെബി ഗണേഷ് കുമാര്‍

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയോട് രാഷ്ട്രീയ എതിര്‍പ്പുണ്ട്. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ഇക്കാര്യം പിതാവ് ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിരുന്നു. അക്കാര്യം സിബിഐയോട് പറഞ്ഞിരുന്നു. സിബിഐ രണ്ട് പേരെ കുറിച്ചാണ് അന്വേഷിച്ചത്. ഒന്ന് ഹൈബി ഈഡന്‍, രണ്ട് ഉമ്മന്‍ ചാണ്ടി, ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. കപട സദാചാരം എന്റെ നിഘണ്ടുവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പരാതിക്കാരിയുമായി ഒരു ബന്ധവുമില്ല. പരാതിക്കാരിയെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല അദ്ദേഹം നിയമസഭയില്‍ പ്രതികരിച്ചു.

ഞാനൊരു തുറന്ന പുസ്തകമാണ്, അഞ്ച് തിരഞ്ഞെടുപ്പുകള്‍ ജയിച്ചു. എന്റെ ശ്രദ്ധയില്‍പ്പെട്ട അഴിമതികള്‍ ഉന്നയിച്ചത് നിയമസഭയില്‍. അതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് വിടുന്നത്. സോളാര്‍ കേസില്‍ സഹായം അഭ്യര്‍ത്ഥിച്ച് യുഡിഎഫിലെ എംഎല്‍എമാര്‍ എന്റെ പിതാവിനെ പലതവണ വിളിച്ചിട്ടുണ്ട്.

ദല്ലാളിനോട് ഇറങ്ങി പോകാന്‍ പറഞ്ഞ ആളാണ് വിജയന്‍, സതീശന് അത് കഴിയുമോ

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചിത്രമായ കാര്യങ്ങളാണ് സഭയില്‍ പലരും പറഞ്ഞത്. ദല്ലാളിനോട് ഇറങ്ങി പോകാന്‍ പറഞ്ഞ ആളാണ് താന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്.

ദല്ലാളിനെ നന്നായി അറിയുന്നത് പ്രതിപക്ഷത്തെ നേതാക്കള്‍ക്ക്, മൂന്നാം ദിവസം ദല്ലാളിനെ വിളിച്ചുവരുത്തിയിട്ടില്ല. തന്നെ കാണാന്‍ വന്ന അയാളെ ഇറക്കിവിടുകയാണ് ചെയ്തത് എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല, അതിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമ വാര്‍ത്തകളെ കുറിച്ച് മാത്രമാണ് അറിയുന്നത്. അത്തരം ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഒരു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോന നടന്നെന്ന ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭ തള്ളി. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയ്ക്ക് പിന്നാലെയാണ് നടപടി. വിഷത്തില്‍ പ്രതിപക്ഷ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

സോളാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടില്ല. ഒരു കേസും സ്വന്തം താത്പര്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് പിന്നാലെ സ്പീക്കര്‍ അടിയന്തിര പ്രമേയം സഭ തള്ളിയതായി അറിയിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in