കെഎസ്ആർടിസി ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണണം; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ ഇന്ന് വീണ്ടും ചര്‍ച്ച. കെഎസ്ആർടിസിക്ക് 103 കോടി രൂപ സർക്കാർ അടിയന്തരമായി നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നത്. ശമ്പളം, ഓണം ഉത്സവബത്ത എന്നിവയ്ക്കൊപ്പം, യൂണിയനുകളുമായി സമവായത്തിലെത്താനാകാത്ത 12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടി നിർദേശവും ചർച്ചയാകും. യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും പങ്കെടുക്കും.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം ഉത്സവ ബത്തയും സെപ്റ്റംബർ ഒന്നിന് മുന്‍പ് ജീവനക്കാർക്ക് നൽകണമെന്നായിരുന്നു ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. അതിനായി കെഎസ്ആർടിസി ചോദിച്ച 103 കോടി രൂപ സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നല്‍കണമെങ്കില്‍ സർക്കാർ സഹായം അനിവാര്യമാണെന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത്. പൂർണമായും ശമ്പളം നല്‍കാന്‍ കഴിയുന്ന സാഹചര്യമില്ലെന്നുമാണ് കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്‍കിയത്. അതേസമയം, ഓണത്തിന് മുൻപ് ശമ്പളം നൽകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.
ചർച്ച ഇതുവരെ
ഓഗസ്റ്റ് മാസമാദ്യം ഗതാഗത, ധന, തൊഴില്‍ മന്ത്രിമാർ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തിരുന്നു. ഒറ്റത്തവണ 250 കോടി രൂപയും ആറ് മാസത്തേക്ക് മാസം 50 കോടിയും സർക്കാർ നല്‍കിയാല്‍ കെഎസ്ആർടിസിയിലെ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു അന്ന് ഗതാഗതമന്ത്രി അറിയിച്ചത്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവ് സർക്കാർ തല്‍ക്കാലത്തേക്കെങ്കിലും ഏറ്റെടുക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു. തൊഴിലാളി യൂണിയനുകളുമായി ഗതാഗത, തൊഴില്‍ മന്ത്രിമാർ ഓഗസ്റ്റ് 17നും ചർച്ച നടത്തിയിരുന്നു. ശമ്പളം എല്ലാമാസവും അഞ്ചാം തീയതി തന്നെ വിതരണം ചെയ്യാന്‍ നടപടിയെടുക്കുമെന്നായിരുന്നു ചർച്ചയില്‍ മന്ത്രിമാർ ഉറപ്പ് നല്‍കിയത്. അതേസമയം, 12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ സമവായത്തിലെത്തിയിരുന്നില്ല.
എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നാണ് യൂണിയനുകളുടെ നിലപാട്
1961 ലെ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരമുള്ള എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നാണ് യൂണിയനുകളുടെ നിലപാട്. സിഐടിയുവും ടിഡിഎഫും ബിഎംഎസും വിഷയത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകളിലായി സ്ഥലംമാറ്റത്തില്‍ നിന്ന് സംരക്ഷണമുള്ള 329 പേരാണ് സംഘടനാവശ്യങ്ങൾക്കായി പ്രവർത്തിച്ചുവരുന്നത്. ഇവരുടെ എണ്ണം 50 ആയി കുറയ്ക്കാനും മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിലൂടെ പ്രതിമാസം 14 കോടി രൂപയൂടെ അധിക വരുമാനം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ആകാമെന്ന് സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു.
ഹൈക്കോടതി ഇടപെടലുകള്‍
ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് പത്തിനുള്ളില്‍ നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാകാതെ വന്നതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി സിഎംഡിക്ക് താക്കീത് നല്‍കി. തുടർന്ന് 10 ദിവസത്തെ സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. സത്യവാങ്മൂലത്തില്‍ സർക്കാർ അനുവദിച്ച 20 കോടി രൂപ വൈകുന്നതില്‍ ധനവകുപ്പിനെതിരെ കെഎസ്ആർടിസി ആരോപണം ഉന്നയിച്ചിരുന്നു. ദൈനംദിന വരുമാനത്തില്‍ നിന്നെടുത്താണ് ജൂണ്‍ മാസത്തിലെ ശമ്പളം വിതരണം ചെയ്തത്. ഇതോടെ ഡീസലിന് 13 കോടി രൂപ കുടിശികയുമായി.
ജൂലൈ മാസത്തില്‍ ശമ്പളം നല്‍കാന്‍ 82 കോടി രൂപയാണ് വേണ്ടത്
കടുത്ത ഡീസല്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ 20 കോടി കൈമാറണമെന്ന് കാണിച്ച് കെഎസ്ആർടിസി കത്ത് നല്‍കിയിട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ധനവകുപ്പ് ഫയലില്‍ ഒപ്പിട്ടതെന്നായിരുന്നു ആരോപണം. പിന്നീട് 20 കോടി രൂപ അക്കൗണ്ടില്‍ വന്നപ്പോള്‍ കുടിശിക ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന 15 കോടി അടച്ചുതീർക്കുകയാണ് ചെയ്തത്. ജൂലൈ മാസത്തില്‍ ശമ്പളം നല്‍കാന്‍ 82 കോടി രൂപയാണ് വേണ്ടത്. പ്രതിസന്ധി മറികടക്കാനാകാതെ വന്നതോടെയാണ് ശമ്പളം നല്‍കാന്‍ സർക്കാർ സഹായം വേണമെന്ന് കെഎസ്ആർടിസി സത്യവാങ്മൂലം നല്‍കിയത്.