സജി ചെറിയാന്റെ അയോഗ്യത ; ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി
മുന്‍ മന്ത്രി സജി ചെറിയാന്റെ അയോഗ്യത സംബന്ധിച്ച് ഭരണഘടനയുടെ 193-ാം അനുഛേദ പ്രകാരം ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി. ഇത്തരം അയോഗ്യത കല്‍പിക്കലുമായി ബന്ധപ്പെട്ട് 193-ാം അനുഛേദത്തില്‍ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും ഹര്‍ജിക്കാരുന്നയിക്കുന്ന വിഷയങ്ങള്‍ കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് പരിശോധിച്ച് തീര്‍പ്പാക്കേണ്ട വിഷയമല്ലെന്നും വിലയിരുത്തിയാണ് സജി ചെറിയാനെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കോടതി മുഖേന അംഗങ്ങളെ അയോഗ്യനാക്കാനുള്ള ചട്ടങ്ങളൊന്നും നിയമത്തിലില്ല.
തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള സംവിധാനങ്ങള്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ആ പരാതിയിന്മേല്‍ തീര്‍പ്പ് ആവശ്യപ്പെടുകയോ ബന്ധപ്പെട്ടവരെ എതിര്‍ കക്ഷികളാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി മുഖേന അയോഗ്യത നിര്‍ണയം സാധ്യമല്ല. നിയമസഭാംഗത്തിന്റെ അയോഗ്യതയുമായി ബന്ധപ്പെടുത്തി ഭരണഘടനയില്‍ കൃത്യമായ പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. വസ്തുതകള്‍ കണ്ടെത്താന്‍ നിയമപരമായി അധികാരമുള്ള ബന്ധപ്പെട്ട സംവിധാനത്തിന് മാത്രമേ സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് കണ്ടെത്താനാവൂവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.
സജി ചെറിയാന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ എംഎല്‍എ പദവിയില്‍ നിന്ന് പുറത്താക്കണമെന്നാമാവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു, പി ചെറുമന്‍, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി നേതാവ് വയലാര്‍ രാജീവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി, പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജൂലൈ നാലിന് ഒരു പൊതു ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ ഭരണഘടനയെ വിമര്‍ശിച്ചത് വിവാദമാവുകയും മന്ത്രി സ്ഥാനത്ത് നിന്ന് സജി ചെറിയാന് രാജിവെക്കേണ്ടിവരികയും ചെയ്തിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. അതേസമയം, പ്രഥമദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു.