ഏക വ്യക്തിനിയമം: സമസ്തയില്‍ ഭിന്നത, സിപിഎം സെമിനാറിനെതിരെ പരസ്യ വിമര്‍ശനവുമായി മുശാവറ അംഗം
ഏക വ്യക്തിനിയമത്തിനെതിരേ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനേച്ചൊല്ലി സമസ്തയില്‍ ഭിന്നത. മൂന്നര പതിറ്റാണ്ട് മുമ്പ് സിവില്‍ കോഡ് നടപ്പാക്കുന്നതിനനുകൂലമായി വാദിച്ചവര്‍ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നതിന് പിന്നില്‍ സ്ഥാപിത അജണ്ടയാണന്നു സമസ്ത മുശാവറ അംഗവും ദാറുൽ ഹുദ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചു. അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ബഹാഉദ്ദീൻ നദ്‌വി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുശാവറ അംഗം തന്നെ വിയോജിപ്പ് പരസ്യമാക്കിയിരിക്കുന്നത്.
സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന സമസ്തയുടെ നിലപാട് മുസ്ലീം സമുദായത്തിലും യുഡിഎഫ് കക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നിലപാടെടുത്തിട്ടും പിന്നോക്കം പോകാന്‍ തയാറാകാഞ്ഞ സമസ്ത നേതൃത്വത്തോട് ലീഗില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ അഭിപ്രായവ്യത്യാസം പരസ്യമാക്കാതെ അനുരഞ്ജനത്തിന്‍റെ വഴിയാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്.
മതസംഘടനയെന്ന നിലയ്ക്ക് സമസ്തയ്ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതോടെ ഭിന്നത താല്‍ക്കാലികമായി ഉള്ളിലൊതുങ്ങി. എന്നാല്‍ ഇപ്പോള്‍ സമസ്ത നേതൃത്വത്തിലെ കടുത്ത മുസ്ലിം ലീഗ് അനുഭാവിയായി അറിയപ്പെടുന്ന ബഹാഉദ്ദീൻ നദ്‌വി തന്നെ പരസ്യവിമര്‍ശനം ഉന്നയിച്ചതോടെ ഭിന്നത പരസ്യമാവുകയാണ്. സമസ്ത എല്‍ ഡി എഫിനോട് അടുക്കുന്നതില്‍ പലപ്പോഴും തുറന്ന വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് ബഹാഉദ്ദീൻ നദ്‌വി.
യു സി സി വിരുദ്ധ പ്രക്ഷോഭത്തില്‍ സിപിഎമ്മിന്‍റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്ന ആദ്യത്തെ സമസ്ത നേതാവല്ല ബഹാഉദ്ദീൻ നദ്‌വി. എസ് വൈ എസ് നേതാവും സമസ്ത നേതൃത്വത്തോട് അടുത്തുനില്‍ക്കുന്നയാളുമായ സത്താര്‍ പന്തല്ലൂരും നേരത്തെ സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഏക സിവിൽ കോഡിന്‍റെ പേരിൽ ധൃതരാഷ്ട്രാലിംഗനവുമായി ആരും വരേണ്ടെന്നും ശരീ അത്തിനോടുള്ള സിപിഎം നിലപാട് വ്യക്തമാക്കണമെന്നുമായിരുന്നു സത്താറിന്‍റെ വിമര്‍ശനം. സിപിഎം പരിപാടിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സമസ്തയില്‍ രണ്ടഭിപ്രായമുണ്ടെന്ന് പരസ്യ വിമര്‍ശനങ്ങളിലൂടെ വ്യക്തമാവുകയാണ്.
അതേസമയം സിപിഎം സെമിനാറിന് സമാന്തരമായി സമസ്തയുടെ യുവജനവിഭാഗമായ എസ് വൈ എസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാര്‍ മാറ്റിവെച്ചു. സമസ്തയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. സിപിഎം സെമിനാര്‍ നിശ്ചയിച്ചിരുന്ന ശനിയാഴ്ച തന്നെയായിരുന്നു എസ് വൈ എസ് സെമിനാറും. ഡിസിസി അധ്യക്ഷന്‍ അഡ്വ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. സിപിഎം സെമിനാര്‍ ദിവസം കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് നടപടി. എന്നാല്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം പരിപാടികളിലേക്ക് കടന്നാല്‍ മതിയെന്ന തീരുമാനത്തെത്തുടര്‍ന്ന് സെമിനാര്‍ റദ്ദാക്കിയെന്നാണ് വിശദീകരണം.