'മനുഷ്യത്വരഹിതവും ആശങ്കാജനകവും'; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദിവ്യ ദ്വിവേദി
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരിയും ചിന്തകയുമായ ദിവ്യ ദ്വിവേദി. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി ചിന്തകൾ വെച്ചുപുലർത്തുന്ന ഉദ്യോഗസ്ഥരെയും അവരുടെ ഇരകളായി തീർന്ന വിദ്യാർഥികളെയും ജീവനക്കാരെയും കുറിച്ചറിയുമ്പോൾ കടുത്ത നിരാശയും രോഷവും തോന്നുന്നുവെന്ന് ദിവ്യ ദ്വിവേദി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ പൂർണമായും മനുഷ്യത്വ രഹിതവും ആശങ്കയുളവാക്കുന്നതും ആണ്. ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റിന്റെ പേരിലുള്ള ഒരു സ്ഥാപനം ഭരിക്കാൻ ന്യൂനപക്ഷ സവർണ സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങളെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നത് വളരെ ആശങ്കാജനകമാണ് എന്നും അവർ ചൂണ്ടിക്കാട്ടി.
ഡയറക്ടർ ശങ്കർ മോഹൻ നടത്തുന്ന ജാതി വിവേചനത്തിനെതിരായി ഡിസംബർ അഞ്ചിനാണ് കെ ആർ നാരായൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചതിന് പിന്നിലും ശങ്കര്‍ മോഹനാണെന്ന് ദളിത് അപേക്ഷാര്‍ത്ഥികള്‍ ആരോപിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഡയറക്ടര്‍ ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. വനിതാ ജീവനക്കാരെ ആക്ഷേപിച്ചുകൊണ്ടുള്ള അടൂരിന്റെ പ്രസ്താവനകൾക്കെതിരെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നത്.
ദിവ്യ ദ്വിവേദി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം:-
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും,
കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സിലെ ജാതി ചിന്തകൾ വെച്ചുപുലർത്തുന്ന ഉദ്യോഗസ്ഥരെയും, അവരുടെ ഇരകളായ കീഴ്ജാതിക്കാരായ വിദ്യാർത്ഥികളെയും ജീവനക്കാരെയും കുറിച്ച് അറിഞ്ഞതിന് ശേഷം എനിക്ക് കടുത്ത നിരാശയും ആശങ്കയും രോഷവും തോന്നുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യത്വരഹിതവും ആശങ്കജനകവുമാണ്. ഉയർന്ന ജാതിക്കാരനായ ഡയറക്ടറുടെ കുടുംബം താഴ്ന്ന ജാതിയിലുള്ള ജീവനക്കാരെ നിർബന്ധിച്ച് തോട്ടിപ്പണി എടുപ്പിക്കുന്നതിനോടൊപ്പം സവർണ വിസർജ്ജനം വളരെ പ്രത്യേകതയുള്ളതാണെന്ന് ഇരകളോട് ആവർത്തിച്ച് പറയുകയും ചെയ്യുന്നു.
ഈ സവർണ മേധാവിത്വങ്ങളെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാനും അവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനും നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുന്നതിനുപകരം, അവർക്കെതിരെ നടപടികൾ സ്വീകരിക്കാത്ത സാഹചര്യം ആണുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് , ഒരു അഭിമുഖത്തിലൂടെ ചലച്ചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ വിദ്യാർഥികളും ജീവനക്കാരും ഉൾപ്പടെയുള്ള പ്രതിഷേധിക്കുന്നവരെ ജാതീയവും സ്ത്രീവിരുദ്ധവുമായ പദങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നാലെ ഭരണകക്ഷിയിലെ ചില ഉന്നതർ ഗോപാലകൃഷ്ണനുവേണ്ടി പ്രതിരോധം തീർക്കുകയും ചെയ്തു. ഉയർന്ന ജാതിക്കാർക്കുള്ള ഇ.ഡബ്ല്യു.എസ് ക്വാട്ട നടപ്പിലാക്കിയപ്പോൾ കണ്ടതുപോലെ, സവർണ്ണ പൂർവ്വിക ഭരണത്തിന്റെ 'പിന്മുറക്കാരാണ്' കേരളം ഇപ്പോഴും ഭരിക്കുന്നത് എന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല.
അതേസമയം, ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റിന്റെ പേരിലുള്ള ഒരു സ്ഥാപനം ഭരിക്കാൻ ന്യൂനപക്ഷ സവർണ സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങളെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നത് വളരെ ആശങ്കാജനകമാണ്. താഴ്ന്ന ജാതിയിലെ ഭൂരിപക്ഷത്തെ കണ്ടതായി നടിക്കാത്ത, കേരളത്തിൽ നിന്നുള്ള സിനിമാ സൃഷ്ടികളിലെ ജാതിചിന്തകളെ കൂടി വിലയിരുത്തേണ്ട സമയം ആണിത്.
ഇവയിൽ അടൂർ ഗോപാലകൃഷ്‌ണന്റെ സിനിമകളെ വിലയിരുത്തുകയാണെങ്കിൽ, അവ ആധുനിക ഇന്ത്യയിൽ മേൽ ജാതിയിൽ പെട്ട പൂർവികരുടെ പദവികൾ, അഭിമാനബോധം, അർത്ഥശാസ്ത്രം എന്നിവയുടെ ചെറിയ നഷ്ടങ്ങളിൽ ആണ് പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, സിനിമകൾ തന്നെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ സവർണ സ്വഭാവം കൂടി ഇതോടൊപ്പം തുറന്നുകാട്ടപ്പെടേണ്ടതാണ്.
ജാതിയുടെ പേരിലുള്ള അടിച്ചമർത്തലുകൾക്കും അതിക്രമങ്ങൾക്കും മനുഷ്യൻ എന്ന ആശയത്തിന്റെ ലംഘനത്തിനുമെതിരെ ഇന്ന് പ്രതിഷേധിക്കുന്നവരെല്ലാം ഇന്ത്യയിലെ സമത്വ രാഷ്ട്രീയത്തിന്റെ വിപ്ലവകാരികളാണ്. ഈ ഇരുണ്ട ആകാശത്തിലേക്ക് നിങ്ങൾ വെളിച്ചം ഉയർത്തിപ്പിടിക്കുക.
ദിവ്യ ദ്വിവേദി
19 ജനുവരി 2023
ന്യൂ ഡെൽഹി.