KERALA
ദീപാവലിക്ക് ഹരിത പടക്കം മാത്രം; പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദേശം
ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ. ദീപാവലിക്ക് രാത്രി എട്ട് മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുവുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.