'ഡിജെ പാർട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു'; പോലീസിന്റെ കരുതൽ വേണമെന്ന് വനിതാ കമ്മീഷൻ
കൊച്ചിയില്‍ ഉണ്ടായ കൂട്ട ബലാത്സംഗം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീ സുരക്ഷാ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ലജ്ജാവഹമാണെന്നും പി സതീദേവി പ്രതികരിച്ചു. ഡിജെ പാര്‍ട്ടികളെയും രൂക്ഷമായ ഭാഷയിലാണ് സതീദേവി വിമര്‍ശിച്ചത്.
ഡിജെ പാർട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിമര്‍ശനം. പാർട്ടികളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് മദ്യപിച്ച് തെറ്റായ തലത്തിലേക്ക് പോകുന്ന നിലയുണ്ട്. ഡിജെ പാർട്ടികളിൽ പോലീസിന്റെ കരുതൽ വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് നടപടി വേണം.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായ കൂട്ട ബലാത്സംഗം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് നടപടി വേണം. നഗര പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൊച്ചിയിൽ മോഡലിനെ കാറിൽ ബലാത്സംഗം ചെയ്ത കേസിൽ മുഖ്യ പ്രതികൾ മലയാളികളെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പ്രതികരിച്ചു. പ്രതികളിൽ രാജസ്ഥാൻ സ്വദേശി ഉൾപ്പെടെ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബലാത്സംഗ കേസുകളില്‍ ലഹരി സാന്നിധ്യം കൂടുതലായി കാണുന്ന സാഹചര്യമുണ്ട്. പെണ്‍കുട്ടിയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്ന് ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്ത സാഹചര്യമുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച കാറും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ആശുപത്രി അധികൃതർക്ക് ഉണ്ടായ സംശയത്തെ തുടർന്നാണ് പോലീസ് സംഭവം അറിയുന്നതെന്നും പീഡനത്തിന് ഇരയായ പെൺകുട്ടി പരാതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൃത്യം നടത്താൻ പ്രതികൾ നേരത്തെ തീരുമാനിച്ചിരുന്നോ അല്ല അപ്പോൾ തീരുമാനിച്ചതാണോ എന്നടക്കമുളള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും കൂടുതൽ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.