ഇലന്തൂര്‍ നരബലി കേസ്; ശരീര ഭാഗം പത്മത്തിന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം

ഇലന്തൂര്‍ നരബലി കേസ്; ശരീര ഭാഗം പത്മത്തിന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം

പരിശോധനക്കയച്ച 56 സാമ്പിളുകളില്‍ ഒന്നിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്
Updated on
1 min read

ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഭഗവല്‍സിംഗിനറെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് പത്മത്തിന്റെ ശരീരഭാഗം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധന ഫലത്തിലാണ് കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി പത്മം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനക്കയച്ച 56 സാമ്പിളുകളില്‍ ഒന്നിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ ശാസ്ത്രീയ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിന്റെയും മൃതദേഹങ്ങള്‍ നിരവധി കഷണങ്ങളായി വെട്ടി നുറുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അതിസങ്കീര്‍ണായ ഡിഎന്‍എ പരിശോധനയാണ് ഈ കേസില്‍ നടന്നത്. കൂടുതല്‍ പരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസമാണ് നരബലി കേസിലെ പ്രതികളെ ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. റോസ്‌ലിന്റെ കൊലപാതകത്തിലാണ് മുഖ്യപ്രതിയായ ഷാഫി, ലൈല, ഭഗവല്‍ സിംഗ് എന്നിവരെ തെളിവെടുപ്പിനായി എത്തിച്ചത്. പിന്നീട് ഭഗവല്‍ സിംഗിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തിയിരുന്നു. 2000 രൂപയ്ക്ക് ഭഗവല്‍സിംഗ് പണയം വെച്ച റോസ്ലിന്റെ മോതിരവും പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.

റോസ്‍ലിനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച കത്തികളിൽ ഒരെണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇതിനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. കേസ് കോടതിയിലെത്തുമ്പോൾ തെളിവുകളുടെ അഭാവം തിരിച്ചടിയാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പോലീസ് നീക്കം.

logo
The Fourth
www.thefourthnews.in