ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധം; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ സമരത്തിലേക്ക്. ചികിത്സാ പിഴവ് ആരോപിച്ചാണ് ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടര്‍ പികെ അശോകനെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്. പ്രതിഷേധ സൂചകമായി കോഴിക്കോട് ജില്ലയില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. സമരത്തില്‍ നിന്നും അത്യാഹിക വിഭാഗങ്ങളെയും ലേബര്‍ റൂമുകളെയും ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോളോള്‍ ജോലി ചെയ്യാനാകാത്ത സാഹചര്യം
ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോളോള്‍ ജോലി ചെയ്യാനാകാത്ത സാഹചര്യമാണ് പലയിടത്തുമുള്ളതെന്നും ഐഎംഎ ആരോപിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് കോഴിക്കോട് ആക്രമണമുണ്ടായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടിയിലേക്ക് നീങ്ങും. ഇത്തരം സാഹചര്യം തുടര്‍ന്നാല്‍ ചികിത്സ നിര്‍ത്തിവച്ച് സമരം നടന്നുവെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
അക്രമത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കൊല്ലുമെന്ന ഭീഷണിയോടെയാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് ഡോക്ടര്‍ അശോകന്‍ പ്രതികരിച്ചത്. താന്‍ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മര്‍ദിച്ചതെന്നും ഡോക്ടര്‍ അശോകന്‍ ആരോപിക്കുന്നു. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.