പ്രിയ വർഗീസ്
പ്രിയ വർഗീസ്

റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നില്‍, അഭിമുഖത്തില്‍ 'ഒന്നാമതെത്തിച്ചു'; പ്രിയാ വര്‍ഗീസിന്റെ റാങ്ക്‌ലിസ്റ്റ് പുറത്ത്

രണ്ടാം റാങ്കുകാരൻ്റെ റിസര്‍ച്ച് സ്‌കോര്‍ 651 ആണെന്നിരിക്കെ വെറും 156 മാത്രം സ്‌കോര്‍ ചെയ്ത പ്രിയ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു.
Updated on
1 min read

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചതിലെ ക്രമവിരുദ്ധത തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അസോസിയേറ്റ് പ്രൊഫസറായ പ്രിയ വര്‍ഗീസ് നിയമന റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയത് അഭിമുഖത്തില്‍ തിരിമറി നടത്തിയാണെന്നു തെളിയിക്കുന്ന റാങ്ക് ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.

ഗവേഷണ മികവിലും അധ്യാപന പരിചയത്തിലും പ്രിയ വര്‍ഗീസ് ഏറെ പിന്നിലായിരുന്നു. റാങ്ക് പട്ടികയില്‍ പ്രിയയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനം മാത്രം ലഭിച്ചയാളുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണെന്നിരിക്കെ പ്രിയയുടേത് വെറും 156 ആയിരുന്നു. റിസര്‍ച്ച് സ്‌കോര്‍ പ്രകാരം ആറുപേരുടെ പട്ടികയില്‍ ആറാം സ്ഥാനം മാത്രമാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതാണ് പ്രിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ കാരണമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അഭിമുഖത്തില്‍ പ്രിയയ്ക്ക് ലഭിച്ചത് 32 മാര്‍ക്കും രണ്ടാം റാങ്കുകാരന് ലഭിച്ചത് 30 മാര്‍ക്കുമായിരുന്നു.

തൃശൂര്‍ കേരളവര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രിയ വര്‍ഗീസ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം വന്‍ വിവാദമായിരുന്നു. ഇതോടെ നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റി വെച്ചിരിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ മാസം സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുകയും പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് ഡോ ഗോപിനാഥ് രവീന്ദ്രന് വി സി ആയി പുനര്‍നിയമനം നല്‍കിയതും വിവാദമായത്. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പാരിതോഷികമായാണ് വി സിയുടെ പുനര്‍നിയമനം എന്നായിരുന്നു ആക്ഷേപം.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡെപ്യൂട്ടേഷനിലാണ് പ്രിയ വര്‍ഗീസ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് ചുമതലയേറ്റ പ്രിയയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷം കൂടി നീട്ടിയിരിക്കുകയാണ്. നിലവില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പ്രിയ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നേടിയാല്‍ അതുവഴി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ തസ്തികയിലേക്കും എത്താനാകും. അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ആക്ഷേപം.

logo
The Fourth
www.thefourthnews.in