ഫണ്ട് തിരിമറി, പാര്‍ട്ടിയറിയാതെ നിയമനങ്ങള്‍, ഭൂമി ഇടപാട്; പി കെ ശശിയെ പ്രതിക്കൂട്ടിലാക്കി രേഖകള്‍
പാലക്കാട് ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും നിലവില്‍ കെടിഡിസി ചെയര്‍മാനുമായ പി കെ ശശി പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയതായി ആക്ഷേപം. ഫണ്ട് തിരിമറിയില്‍ പി കെ ശശി ഇടപെട്ടതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്തായി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദിനേശന്‍ പുത്തലത്തിന് മുന്നില്‍ സമര്‍പ്പിച്ചതാണ് പുറത്തായ രേഖകള്‍. ഫണ്ട് തിരിമറിയുള്‍പ്പെടെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന ഏഴോളം തെളിവുകളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സമര്‍പ്പിച്ചത്. പാലക്കാട് ജില്ലയിലെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് ഓഹരി വാങ്ങിയതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് സമര്‍പ്പിച്ചിരിക്കുന്നത്.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്‌സല്‍ കോളേജിന് ഓഹരി വാങ്ങിയതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളാണ് സമർപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി അറിയാതെ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെെറ്റികളില്‍ നടത്തിയ 35 നിയമനങ്ങളുടെ വിവരങ്ങള്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാര്‍ സ്മാരകത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തുകയില്‍ നിന്നും പി കെ ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷം രൂപയുടെ കണക്കുകള്‍ എന്നിവ ഇതിലുൾപ്പെടുന്നു.
ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ മറ്റൊരു 10 ലക്ഷം രൂപയുടെ തെളിവുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് രേഖകളില്‍ പരാമര്‍ശിച്ച പ്രധാന കാര്യങ്ങള്‍.
ഭൂമി ഇടപാടുകളാണ് രേഖകള്‍ സമര്‍പ്പിച്ച മറ്റ് തെളിവുകള്‍. പി കെ ശശിയുടെ ഡ്രൈവര്‍ പി കെ ജയന്റെ പേരില്‍ അലനല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖകളാണ് ഇതില്‍ പ്രധാനം. ആധാരം, പോക്ക് വരവ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം 1 കോടിക്ക് മുകളില്‍ വിലവരുന്നതാണ് ഈ ഇടപാട്. യൂണിവേഴ്‌സല്‍ കോളേജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖകളാണ് മറ്റൊന്ന്. മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള പാര്‍ട്ടിയുടെ സ്ഥല കച്ചവടത്തിന്റെ രേഖകളും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തെളിവുകള്‍ സമര്‍പ്പിച്ചത്. തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ദിനേശന്‍ പുത്തലത്ത് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് കൈമാറും. വിഷയത്തില്‍ പരാതിക്കാരില്‍ നിന്നും തെളിവ് നല്‍കിയവരുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പി കെ ശശിയുടെ വിശദീകരണവും ശനിയാഴ്ച ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗം പരിശോധിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയുടെ വിഭാഗീയതയുടെ ഭാഗമാണ് എന്നാണ് പി കെ ശശി സ്വീകരിച്ച നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.