പാലക്കാടും തൃശൂരും തെരുവുനായ ആക്രമണം; അഞ്ച് വയസ്സുകാരിക്ക് കടിയേറ്റു

പാലക്കാടും തൃശൂരും തെരുവുനായ ആക്രമണം; അഞ്ച് വയസ്സുകാരിക്ക് കടിയേറ്റു

മുഖത്തും കാലിനും പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Updated on
1 min read

പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരിക്ക് പരുക്കേറ്റു. ചാലിപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം വീടിന് മുന്‍പില്‍ വെച്ചാണ് കുട്ടിയെ തെരുവുനായ കടിച്ചത്.

മുഖത്തും കാലിനും പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ല.

ഗുരുവായൂരില്‍ നഗരസഭാ ജീവനക്കാരനാണ് തെരുവുനായയുടെ കടിയേറ്റത്. ചാവക്കാട് സ്വദേശിയായ സൂര്യനാണ് നഗരസഭ ഓഫീസിന് മുന്നില്‍ വെച്ച് കടിയേറ്റത്.

സംസ്ഥാനത്ത് തെരുവ് നായ്കക്കളുടെ കടിയേറ്റുണ്ടായ മരണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തും.

വ്യാഴാഴ്ച വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ പേവിഷബാധ നിയന്ത്രിക്കാനായി കര്‍മ പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കാനും വാക്‌സിനേഷന്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം ജില്ലകളില്‍ ഫലപ്രദമായി നടപ്പാക്കാത്തത് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതായും വിലയിരുത്തി.

തെരുവ് നായകളുടെ കടിയേല്‍ക്കുന്ന കേസുകളില്‍ സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 200 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. 2013ല്‍ 62,280 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ അത് 2.21 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 13 ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതികള്‍ക്കായി 23 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ലോക്ഡൗണ്‍ സമയത്ത് നായകളെ വീട്ടില്‍ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും അതുമൂലം വളര്‍ത്തുനായകളുടെ കടിയേറ്റ കേസുകളില്‍ 20 ശതമാനം വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in