പേവിഷ ബാധ സംശയിക്കുന്ന നായ വീട്ടുവളപ്പില്‍; പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം
പത്തനംതിട്ട ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ മണിക്കൂറുകളോളം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രത്യേക പരിശീലനം ലഭിച്ച അനിമല്‍ ക്യാച്ചേഴ്സിന്റെ സഹായത്തോടെ നായയെ പിടികൂടി. മൃഗ സംരക്ഷണ വകുപ്പ് നായയെ നിരീക്ഷണത്തിൽ വെയ്ക്കും.
ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള വിജയന്റെ വീട്ടുവളപ്പിലേക്ക് നായ ഓടിക്കയറിയത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ്. പ്രദേശവാസികള്‍ ഉടനെ ഗെയ്റ്റ് അടച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിജയന്റെ ഭാര്യ തുളസീഭായി വീടിനുള്ളില്‍ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടന്നത്. തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചേഴ്‌സ് നായയെ വലയിലാക്കി മയക്കിയതോടെയാണ് മണിക്കൂറുകളോളം നീണ്ട ആശങ്ക അവസാനിച്ചത്.
രാവിലെ മുതല്‍ നായ പേ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. ലക്ഷണങ്ങളിൽ നിന്ന് പേവിഷ ബാധയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും നായയെ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണത്തിൽ വയ്ക്കുമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ജ്യോതിഷ് ബാബു, വെറ്ററിനറി സർജൻ നിതാ വർഗീസ് എന്നിവർ പറഞ്ഞു. നായയെ പ്രത്യേകം തയ്യാറാക്കിയ അഭയകേന്ദ്രത്തിലേക്ക് മാറ്റി.