പി കൃഷ്ണപിള്ളയുടെ പ്രതിമ വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വത്തിലെ പ്രമുഖർ; ‘സഖാവ്’ ജയിച്ചത് ഒറ്റ വോട്ടിന്
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പി കൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ പാർട്ടിയിലെ പ്രബല വിഭാഗം എതിർത്തെന്ന് വെളിപ്പെടുത്തൽ. വിഷയം തർക്കമായപ്പോൾ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രതിമ സ്ഥാപിക്കാനുള്ള തന്റെ നിർദേശം വോട്ടിനിടുകയും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെക്രട്ടേറിയറ്റ് അത് അംഗീകരിക്കുകയുമായിരുന്നെന്ന് മുതിർന്ന സിപിഎം നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായ പിരപ്പൻകോട് മുരളി വെളിപ്പെടുത്തി.
ഇന്ന് പുറത്തിറങ്ങിയ പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ച ആത്മകഥാ അധ്യായത്തിലാണ് പി കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രതിമ തൈക്കാട് മേട്ടുക്കടയിലെ ജില്ലാ കമ്മിറ്റി ഓഫിസിൽ സ്ഥാപിക്കാൻ നടത്തിയ നീക്കങ്ങളും അതിനെ ജില്ലയിലെ പ്രമുഖ നേതാക്കൾ എതിർത്തതുമായ വിവരങ്ങൾ പിരപ്പൻകോട് മുരളി എഴുതിയത്.
“ഞാൻ സെക്രട്ടറിയായിരുന്ന കാലത്ത് ചരിത്ര പ്രാധാന്യമുള്ള മൂന്ന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. അതിൽ ആദ്യത്തേത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ പ്രമുഖനായ സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയാണ്. സഖാവ് പി കൃഷ്ണപിള്ളയുടെ ചരമ, ജന്മദിനങ്ങൾ ആഗസ്റ്റ് 19നാണ്. 1906 ആഗസ്റ്റ് 19ന് ജനിച്ച സഖാവ് പി കൃഷ്ണപിള്ള ജന്മശതാബ്ദി വർഷമാണ് 2006 ആഗസ്റ്റ് 19. ഈ ദിനം മായാത്ത ഒരു മഹാചരിത്ര മുഹൂർത്തമാക്കി മാറ്റണമെന്ന അഭിപ്രായമാണ് എനിക്കുണ്ടായിരുന്നത്. ഒരു സമ്മേളനം നടത്തി അവസാനിപ്പിക്കേണ്ട ഒന്നല്ല പി കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി എന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ.'' ആത്മകഥയിൽ പറയുന്നു.
''അതുകൊണ്ട് പാർട്ടി ഓഫീസിന്റെ മുൻവശത്തെ വിശാലമായ തളത്തിൽ സഖാവിന്റെ ഒരു അർധകായ പ്രതിമ സ്ഥാപിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. സെക്രട്ടേറിയറ്റിൽ ഞാൻ ഈ നിർദേശം വച്ചപ്പോൾ സ്ഥിരം എതിർപ്പുകാരായ സഖാക്കൾ അത് കാട്ടായിക്കോണം ശ്രീധറെ താഴ്ത്തിക്കെട്ടാനുള്ള ഏർപ്പാടാണെന്ന വാദമുഖവുമായി എന്നെ നേരിട്ടു. പക്ഷേ എന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിമ സ്ഥാപിക്കാനും മറ്റു പരിപാടികൾ നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു,” പിരപ്പൻകോട് എഴുതുന്നു.
ആരൊക്കെയാണ് എതിർത്ത് വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ലെങ്കിലും അന്ന് പിണറായി ഗ്രൂപ്പിൽ ഉറച്ചുനിന്ന നേതാക്കളാണ് വി എസ് ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായ പിരപ്പൻകോട് മുരളിയുടെ നിർദേശത്തെ എതിർത്തതെന്ന് ആത്മകഥയിൽ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളിൽ നിന്ന് ഊഹിക്കാം. പിണറായി ഗ്രൂപ്പ് സ്ഥാനാർഥിയായ ആർ പരമേശ്വരൻ പിള്ളയെ പരാജയപ്പെടുത്തിയാണ് 2006 ജൂലൈയിൽ ഇടക്കാല സെക്രട്ടറി ആയി പിരപ്പൻകോട് ചുമതലയേൽക്കുന്നത്. ജില്ലാ സെക്രട്ടറി എം വിജയകുമാർ മന്ത്രിയായ ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പ്രബല വിഭാഗത്തിന്റെ എതിർപ്പ് സെക്രട്ടറിയുടെ നിത്യ പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന തരത്തിലായിരുന്നു.
“ഓഫീസിലെ പഴയ കാർ വിറ്റ് പുതിയ ഒരു കാർ വാങ്ങാനും ഒരു കമ്പ്യൂട്ടർ സിസ്റ്റം സ്ഥാപിക്കുന്നതിനും ഓഫീസിൽ ഒരു ടിവി വാങ്ങുന്നതിനും ഓഫീസിനോടനുബന്ധിച്ച് ഒരു കിച്ചൺ ആരംഭിക്കുന്നതിനും ഉള്ള നിർദേശം എന്റെ ധൂർത്തായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ഒടുവിൽ ഒരു വോട്ടെടുപ്പിലൂടെ സെക്രട്ടേറിയറ്റിന്റെ അനുവാദം ഞാൻ നേടിയെടുത്തു,” അദ്ദേഹം എഴുതുന്നു.
ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജീവൻ ലഭിച്ച പി കൃഷ്ണപിള്ളയുടെ അർധകായ പ്രതിമ 2006 ആഗസ്റ്റ് 18ന് ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അനാച്ഛാദനം ചെയ്തു.