സജി ചെറിയാൻ
സജി ചെറിയാൻ

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

കേസില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനും നിയമോപദേശം തേടാനും പാര്‍ട്ടി നിര്‍ദേശിച്ചു
Updated on
1 min read

ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം. ഇന്നു ചേര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സജി ചെറിയാന് പിന്തുണ അറിയിച്ചത്.

കേസില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനും നിയമോപദേശം തേടാനും പാര്‍ട്ടി നിര്‍ദേശിച്ചു. മന്ത്രിയായി തുടരുന്നതില്‍ ധാര്‍മിക പ്രശ്‌നമില്ലെന്നും വിഷയത്തില്‍ സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

കഴിഞ്ഞ ദിവസമാണ് സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗക്കേസുമായി പോലീസ് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയത്. ഒപ്പം, വിഷയം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം ശരിയല്ലെന്നും മന്ത്രിയുടെ വാക്കുകള്‍ അനാദരവാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അടക്കം മൊഴിയെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍ പരാതിക്കാരനായ ബൈജു നോയല്‍ തന്നെ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇടപെടല്‍.

സജി ചെറിയാൻ
മന്ത്രി സജി ചെറിയാന് വന്‍തിരിച്ചടി; പോലീസ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഭരണഘടനവിരുദ്ധ പ്രസംഗം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു. വിവാദം കടുത്തതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. പ്രസംഗം ഭരണഘടന വിരുദ്ധമല്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in