ഡോ. എം. കുഞ്ഞാമന്‍ അന്തരിച്ചു

ഡോ. എം. കുഞ്ഞാമന്‍ അന്തരിച്ചു

'എതിര്' എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക്‌ 2021-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചുവെങ്കിലും നിരസിച്ചിരുന്നു.
Updated on
1 min read

സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. എം. കുഞ്ഞാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. തന്റെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹത്തെ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കീഴാള പക്ഷത്തുനിന്ന് സാമൂഹ്യ വികസനത്തെ നിരീക്ഷിച്ച എം കുഞ്ഞാമ്മൻ, സാമൂഹ്യ സാമ്പത്തിക പഠന ഗവേഷണ മേഖലകളിൽ നൽകിയ സംഭാവന നിസ്തുലമാണ്.

ജാതി വ്യവസ്ഥയുടെ വിവേചനം അനുഭവിച്ചു വളർന്ന കുഞ്ഞാമ്മൻ പ്രതികൂല സാഹചര്യങ്ങളോട് നേരിട്ടാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയതും സാമൂഹ്യ ശാസ്ത്ര മേഖലയിലെ കേരളത്തിൽനിന്നുള്ള അറിയപ്പെടുന്ന ഗവേഷകനായതും.

1949 ഡിസംബര്‍ മൂന്നിന് പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ മണിയമ്പത്തൂര്‍ അയപ്പന്റെയും ചെറോണയുടെയും മകനായാണ് ജനനം. പാലക്കാട് വിക്ടോറിയ കോളജില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 1974-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ പാസായി. മുന്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന് ശേഷം ഒന്നാം റാങ്കോടെ എംഎ പാസ്സാകുന്ന ആദ്യ ദളിത് വിദ്യാര്‍ഥിയായിരുന്നു എം കുഞ്ഞാമ്മന്‍.

ഡോ. എം. കുഞ്ഞാമന്‍ അന്തരിച്ചു
കെ കെ കൊച്ചിന്റെയും എം കുഞ്ഞാമന്റെയും ജീവിതാനുഭവങ്ങളെ ഭയക്കുന്ന വ്യാജ മാര്‍ക്‌സിസ്റ്റുകളുടെ ചരിത്ര ബോധം

ഡോ. കെ എന്‍ രാജിന് കീഴില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഗവേഷണം. കേരളത്തിലെ തെക്കന്‍ വടക്കന്‍ ജില്ലകളിലെ ആദിവാസി ജീവിതത്തെക്കുറിച്ചായിരുന്നു ഗവേഷണം. ഇന്ത്യയിലെ സംസ്ഥാന തല ആസൂത്രണത്തെക്കുറിച്ച് കുസാറ്റില്‍നിന്ന് പി എച്ച് ഡി. 2006 വരെ കാര്യവട്ടം കാമ്പസില്‍ അധ്യാപകന്‍. 2006 ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായി. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു.

ഡവലപ്മെന്റ് ഓഫ് ട്രൈബല്‍ എക്കോണമി, സ്റ്റേറ്റ് ലവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ. ഗ്ലോബലൈസേഷന്‍ - എ സബാല്‍ട്ടേണ്‍ പെര്‍സ്പെക്ടീവ്, എക്കോണമിക്ക് ഡവലപ്മെന്റ് ആന്റ് സോഷ്യല്‍ ചേഞ്ച്, കേരളത്തിലെ വികസന പ്രതിസന്ധി എന്നിവയാണ് പ്രധാന കൃതികള്‍. 'എതിര്' എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക്‌ 2021-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചുവെങ്കിലും നിരസിച്ചിരുന്നു.

logo
The Fourth
www.thefourthnews.in