മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

സംസ്‌കാര പഠനം -കള്‍ച്ചറല്‍ സ്റ്റഡീസ്- എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടു
Updated on
2 min read

പ്രശസ്ത ഗവേഷകനും മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ (75) അന്തരിച്ചു. അസുഖബാധിതനായി ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി കരിക്കമ്പള്ളി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ദീര്‍ഘകാലം ചങ്ങനാശ്ശേരി എസ്.ബി കോളേജിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പ് അധ്യക്ഷനായിരുന്നു. ജര്‍മനി, ഇസ്രായേല്‍, അമേരിക്ക തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്‌കാര പഠനം -കള്‍ച്ചറല്‍ സ്റ്റഡീസ്- എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമാണ്. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് ചങ്ങനാശേരി വലിയപള്ളിയില്‍.

1947ല്‍ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കുടുംബത്തിലായിരുന്നു ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് 1969ല്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. 1968ല്‍ കേരള സര്‍വകലാശാലയുടെ സചിവോത്തമ സ്വര്‍ണമെഡല്‍ ലഭിച്ചു. 1992ല്‍ കേരള സര്‍വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1990ല്‍ ഫ്രെയ്ബര്‍ഗ്ഗിലെ ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപഠനം. അലക്‌സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫെല്ലോ എന്ന നിലയില്‍ ജര്‍മ്മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമുള്ള സര്‍വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങള്‍ നടത്തി.

1962മുതല്‍ 82 വരെ ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ലക്ചററും 1982 മുതല്‍ 94 വരെ പ്രൊഫസറും ആയി ജോലി ചെയ്തു. 1994 മുതല്‍ 1997 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ റീഡറായും 1997 മുതല്‍ 2007 വരെ മലയാളം പ്രൊഫസറായും കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും കേരള കലാമണ്ഡലത്തിലും വിസിറ്റിംഗ് പ്രഫസറായിരുന്നു.

മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങളിലൂടെ പ്രശസ്തനാണ് ഡോ. സ്‌കറിയ സക്കറിയ. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാ ശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചതാണ് അതില്‍ പ്രധാനം. ഗവേഷണ പ്രബന്ധങ്ങളില്‍ പ്രധാനപ്പെട്ടവ മലയാള വഴികള്‍ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി ഗവേഷണപ്രധാനമായ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങള്‍, ഭാഷാ ചരിത്രം, ജൂത പഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, ഫോക്ക്ലോര്‍, തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നല്‍കി. ഓക്സ്ഫോഡ്, കേംബ്രിജ്, തുടങ്ങി ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ ക്ഷണം സ്വീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളം സര്‍വകലാശാലയും അടുത്തിടെ എം.ജി സര്‍വകലാശാലയും ഡി.ലിറ്റ് നല്‍കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്. താരതമ്യ പഠനസംഘം (താപസം) എന്ന ഗവേഷക കൂട്ടായ്മ സ്ഥാപിച്ച് താപസം എന്ന പേരില്‍ തുടങ്ങിയ റിസര്‍ച്ച് ജേണല്‍ യുജിസി അംഗീകാരമുള്ള, മലയാളത്തിലെ മികച്ച ജേണലാണ്.

ഭാര്യ മേരിക്കുട്ടി സ്‌കറിയ, മക്കള്‍ ഡോ.അരുള്‍ ജോര്‍ജ് സ്‌കറിയ (നാഷനല്‍ ലോ യൂണിവേഴ്സിറ്റി ബെംഗളൂരു) ഡോ.സുമ സ്‌കറിയ (കേന്ദ്ര സര്‍വകലാശാല, ഗുല്‍ബെര്‍ഗ). മരുമക്കള്‍ ഡോ. നിത മോഹന്‍ (ബെഗളൂരു), ഡോ. വി.ജെ. വര്‍ഗീസ് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി).

logo
The Fourth
www.thefourthnews.in