വിരമിക്കുന്നതിന് മുൻപ് നടപടി; സിസ തോമസിന് കുറ്റാരോപണ പത്രിക നൽകി സർക്കാർ
മുന്‍കൂര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വി സി പദവി ഏറ്റെടുത്തതില്‍ ഡോ. സിസ തോമസിന് കുറ്റാരോപണ മെമ്മോ നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ഫയലുകള്‍ അലക്ഷ്യമായി വൈകിപ്പിച്ച് സാങ്കേതിക വകുപ്പ് ജോയിന്‍ ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന സിസ ഗുരുതര വീഴ്ച വരുത്തിയതായും മെമ്മോയില്‍ പറയുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ മെമ്മോ നല്‍കുന്നത്. എന്നാൽ സിസ തോമസിന് സസ്പെൻഷൻ നൽകിയില്ല. കുറ്റാരോപണ മെമ്മോയ്ക്ക് 15 ദിവസത്തിനകം മറുപടി നല്‍കണം.
സാങ്കേതിക സര്‍വകലാശാല ഡോ. സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാല താത്കാലിക വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഇന്ന് ഉത്തരവിറക്കി
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി പ്രകാരം സിസ തോമസിനോട് ഇന്ന് ഹിയറിങിന് ഹാജരാകാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിയില്ലെന്ന് സിസ തോമസ് മറുപടിയും നൽകി. പകരം ഏപ്രില്‍ ആദ്യവാരം ഹാജരാകാന്‍ സമയം നല്‍കണമെന്ന് ഇ മെയില്‍ വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സിസ തോമസിന് മെമ്മോ നല്‍കിയത്. വിരമിക്കലിന് ശേഷവും ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം കഴിഞ്ഞ ദിവസം ട്രൈബ്യൂണല്‍ തള്ളിയിരുന്നു. സര്‍ക്കാരിന് തുടര്‍ നടപടിയുമായി മുന്നോട്ട് പോകാമെന്നും എന്നാല്‍ സിസ തോമസിന്റെ ഭാഗം കൂടി കേട്ടത്തിന് ശേഷം മാത്രമേ തുടര്‍ നടപടി തീരുമാനിക്കാന്‍ പാടുള്ളൂ എന്നുമായിരുന്നു ട്രൈബ്യൂണല്‍ നിര്‍ദ്ദേശം.
അതേസമയം സിസ തോമസിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ സാങ്കേതിക സര്‍വകലാശാല ഡോ. സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാല താത്കാലിക വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഇന്ന് ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് സജി ഗോപിനാഥന്റെ നിയമനം. നേരത്തെ സജി ഗോപിനാഥിനെ വി സിയായി നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിയായിരുന്നു സിസ തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കിയത്. എന്നാല്‍ കോടതി വിധികള്‍ തുടര്‍ച്ചയായി തിരിച്ചടിയായതോടെ കെടിയു വി സിയുടെ താത്കാലിക ചുമതല സര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ക്ക് നല്‍കാമെന്ന നിലപാടില്‍ ഗവര്‍ണര്‍ എത്തുകയായിരുന്നു.