'അടുത്ത മുറിയിൽ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു അവൾ'; കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് ഡോ.വന്ദനയുടെ സുഹൃത്ത്

'അടുത്ത മുറിയിൽ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു അവൾ'; കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് ഡോ.വന്ദനയുടെ സുഹൃത്ത്

'ബഹളങ്ങൾക്കിടയിൽ എനിക്ക് വന്ദനയെ നഷ്ടമായി. അപ്പോൾ ഞാൻ അവളുടെ നിലവിളി കേട്ടു. അടുത്ത മുറിയിൽ നിന്നായിരുന്നു അത്. അവൾ തലയിൽ നിന്ന് ചോരയൊലിച്ച് നിലത്തു കിടക്കുകയായിരുന്നു.'
Updated on
2 min read

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദന ദാസിനെക്കുറിച്ച് കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് സുഹൃത്ത്. ആക്രമിക്കപ്പെടുമ്പോള്‍ വന്ദനയ്ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ ഡോക്ടർ ഷിബിന്റെ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. വന്ദന കുത്തേറ്റ് മരിച്ച ദിവസം നടന്ന സംഭവങ്ങളും സുഹൃത്തിനെ നഷ്ടപ്പെട്ടതിലുള്ള വേദനയുമാണ് കുറിപ്പിലൂടെ ഷിബിൻ പങ്കുവച്ചിട്ടുള്ളത്.

മൂന്ന് മാസം മുൻപ് നടന്ന സംഭവം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. വന്ദന വളരെ കരുണയുള്ള ആളായിരുന്നു. അങ്ങനെ ഒരു ക്രൂരകൃത്യം അവളോട് ആരെങ്കിലും ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. തങ്ങളുടെ ജീവൻ അപകടത്തിലാകുമ്പോൾ എങ്ങനെ രക്ഷപ്പെടുമെന്നും അടുത്ത ഒരു വന്ദനയെ കാണുന്നതിന് മുൻപ് ഈ സാഹചര്യം മാറുമോയെന്നും ചോദിച്ചാണ് ഷിബിൻ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഡോ ഷിബിൻ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം :

മൂന്ന് മാസം കടന്നുപോയിരിക്കുന്നു. പക്ഷെ ഈ ദിവസം വരെ ആ രാത്രിയിൽ കണ്ട കാഴ്ചകൾ എന്നെ വേട്ടയാടുകയാണ്. വന്ദന മെഡിക്കൽ കോളേജിലെ എന്റെ ജൂനിയറായിരുന്നു. പക്ഷേ ഇന്റേൺഷിപ്പിന് ശേഷമാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്. അവൾ വളരെ കരുണയുള്ള ഒരാളായിരുന്നു. രോഗികളെ ശുശ്രൂഷിക്കാനായി അവൾ ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു. മറ്റൊരിടത്ത് താമസിക്കുകയായിരുന്ന അവളുടെ അച്ഛനമ്മമാരെ എപ്പോഴും വിളിച്ച് സംസാരിക്കുമായിരുന്നു. അവരുടെ ഏക മകളായിരുന്നു വന്ദന. അതിനാൽ തന്നെ അങ്ങനെ ഒരു ക്രൂരകൃത്യം അവളോട് ആരെങ്കിലും ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

മെയ് 10ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഞങ്ങൾ ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. നീ വിശ്രമിച്ചോളൂ , ഞാൻ ഇവിടെ ഉണ്ടല്ലോ എന്നവൾ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഞാൻ ചെവിക്കൊണ്ടില്ല. അപ്പോഴാണ് മദ്യപിച്ച ഒരാളെക്കൊണ്ട് പോലീസുകാർ ആശുപത്രിയിൽ എത്തിയത്. അയാളുടെ കൂടെ ഒരു പരിചയക്കാരനും ഉണ്ടായിരുന്നു. മതിൽ ചാടി കടക്കാൻ ശ്രമിക്കവേ പിടിക്കപ്പെട്ട ഒരു അധ്യാപകനായിരുന്നു അയാൾ. ഞങ്ങൾ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകി തിരികെ വന്നു. മുറിയിൽ നിന്ന് നിലവിളി കേൾക്കുന്നതുവരെ ഞങ്ങൾ അയാളെക്കുറിച്ച് അധികമൊന്നും ചിന്തിച്ചിരുന്നില്ല. ഞങ്ങൾ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ ഒരു കത്രിക പിടിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന അയാളെയാണ് ഞങ്ങൾ കണ്ടത്. വന്ദനയും ഞാനും പരിഭ്രാന്തരായി. അടുത്ത കുറച്ച് മിനിറ്റുകൾ ആകെ ഒരു മങ്ങലായിരുന്നു. ആളുകൾ ഓടുകയും നിലവിളിക്കുകയും ചെയ്തു.

'അടുത്ത മുറിയിൽ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു അവൾ'; കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് ഡോ.വന്ദനയുടെ സുഹൃത്ത്
ഡോ. വന്ദന ദാസിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബഹളങ്ങൾക്കിടയിൽ എനിക്ക് വന്ദനയെ നഷ്ടമായി. അപ്പോൾ ഞാൻ അവളുടെ നിലവിളി കേട്ടു. അടുത്ത മുറിയിൽ നിന്നായിരുന്നു അത്. അവൾ തലയിൽ നിന്ന് ചോരയൊലിച്ച് നിലത്തു കിടക്കുകയായിരുന്നു. ആ മനുഷ്യൻ കത്രികയുമായി അവളുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. അയാൾ അവളെ പലതവണ കുത്തിയിരുന്നു. അവൾ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. അയാൾ അവളെ നിലത്തുനിന്ന് ഉയർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പേടിച്ചരണ്ട ഞാൻ വന്ദനയുടെ കാലിൽ പിടിച്ചുവലിച്ച് അവരെ തമ്മിൽ വേർപ്പെടുത്തി. ഞങ്ങൾ അയാളെ തള്ളിയിട്ട് പുറത്തേയ്ക്ക് ഓടി. ഒരു പോലീസ് ജീപ്പ് ഞങ്ങളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളുടെ സ്വന്തം വാർഡിൽ ഞങ്ങൾ സുരക്ഷിതരല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. വന്ദനയെ വെന്റിലേറ്ററിലാക്കി. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്നവൾ പറഞ്ഞുകൊണ്ടിരുന്നിരുന്നു. ദേഷ്യവും സങ്കടവും പരിഭ്രാന്തിയുമെല്ലാം ആ നിമിഷം ഞങ്ങളെ വിഴുങ്ങിയിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ‘നിങ്ങളുടെ നഷ്ടത്തിൽ ഞങ്ങൾ ഖേദിക്കുന്നു.’ എന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. ഞാൻ ഒരുപാട് കരഞ്ഞു.

'അടുത്ത മുറിയിൽ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു അവൾ'; കണ്ണുനനയിക്കുന്ന കുറിപ്പ് പങ്കുവച്ച് ഡോ.വന്ദനയുടെ സുഹൃത്ത്
കണ്ണീരോർമയായി വന്ദന; വേദനയോടെ വിടചൊല്ലി നാട്

എന്റെ ദുഃഖത്തേക്കാൾ എനിക്ക് ആശങ്ക വന്ദനയുടെ മാതാപിതാക്കളെ ഓർത്തായിരുന്നു. അവരുടെ മുഴുവൻ ലോകം ഒരു നിമിഷത്തിൽ മലക്കം മറിഞ്ഞു. ഈ സംഭവം നടന്നിട്ട് മൂന്ന് മാസമായെങ്കിലും ഇപ്പോഴും ഞാൻ അവരെ സന്ദർശിക്കാറുണ്ട്. അവർക്ക് നന്നായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഇപ്പോഴും സാധിക്കാറില്ല. അവർ ആ രാത്രിയെക്കുറിച്ച് ഇപ്പോഴും ചോദിച്ച് കൊണ്ടിരിക്കും. അപകടത്തെക്കുറിച്ചല്ല, അതിന് മണിക്കൂറുകൾക്ക് മുൻപ് നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്നപ്പോൾ അവൾ നിസ്വാർത്ഥമായി ജോലി ചെയ്തതിനെക്കുറിച്ച്. അങ്ങനെയാണ് അവർ അവളെ ഓർക്കാൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ഞങ്ങളെല്ലാവരും അവളെ ഓർക്കാൻ ആഗ്രഹിക്കുന്നത്. ഭീകരമായ ഒരു കാര്യമാണ് സംഭവിച്ചത്. ‘ഞങ്ങളുടെ ജീവൻ അപകടത്തിലാകുമ്പോൾ എങ്ങനെ ഞങ്ങൾ രക്ഷപ്പെടും?' എന്ന ചോദ്യമാണ് ഇപ്പോൾ ബാക്കിയുള്ളത്. എന്നാൽ യഥാർത്ഥ ചോദ്യം " ഈ സാഹചര്യം മാറുമോ?" " അടുത്ത ഒരു വന്ദനയെ കാണുന്നതിന് മുൻപ് ?"

logo
The Fourth
www.thefourthnews.in