ഡോ. വന്ദന ദാസിന്റെ കൊലപാതകം: ആക്രമണ സമയത്ത് പ്രതി ലഹരിയില്‍ അല്ലായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് ആക്രമിക്കപ്പെടുമ്പോള്‍ പ്രതി സന്ദീപ് ലഹരിയില്‍ അല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിയുടെ രക്തത്തിലും മൂത്രത്തിലും ലഹരി വസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. താന്‍ ലഹരിക്ക് അടിമയല്ലെന്നും മറ്റൊരു പുരുഷ ഡോക്ടറെയാണ് ലക്ഷ്യം വെച്ചതെന്നും സന്ദീപ് നേരത്തെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.
സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് നേരത്തേ തന്നെ പരിശോധിച്ച് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. സന്ദീപ് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തേണ്ട തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും മാനസികാരോഗ്യ വിദഗ്ധന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. പത്ത് ദിവസത്തെ നിരീക്ഷണത്തിനു ശേഷം സന്ദീപിനെ ജയിലിലേക്ക് മാറ്റി.
മാനസിക പ്രശ്‌നമുള്ള ഒരാള്‍ ചെയ്യുന്ന തരത്തിലായിരുന്നില്ല സന്ദീപിന്റെ പെരുമാറ്റമെന്ന് തുടക്കം മുതല്‍ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന വന്ദനയുടെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. വിദഗ്ദമായി കത്രിക കൈയ്യില്‍ ഒളിപ്പിച്ച് ആക്രമിക്കുകയും ശേഷം കൊലയ്ക്കുപയോഗിച്ച കത്രിക സന്ദീപ് കഴുകി ചോരക്കറ കളയുകയും ചെയ്തിരുന്നുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.