ഡോ. വന്ദന ദാസ് കൊലപാതകം: ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലപാതകം: ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ആക്രമണം നടന്നതു മുതല്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി
Updated on
1 min read

ഡോ. വന്ദന ദാസ് കൊലപാതകക്കേസില്‍ ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍‌എയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലതാമസമില്ലാതെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമർപ്പിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമണം നടന്നതു മുതല്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

"ആതുരസേവനത്തിനിടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍ തന്നെ പോലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്റെ സേവനമുള്‍പ്പെടെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്," മുഖ്യമന്ത്രി പറഞ്ഞു.

ഡോ. വന്ദന ദാസ് കൊലപാതകം: ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

കൊട്ടാരക്കര സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1202/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തുനിന്ന് പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തുടര്‍ന്ന് സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിനിടെയാണ് ഡോ വന്ദന ദാസിന്‍റെ മാതാപിതാക്കള്‍, കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ഹൈക്കോടതി ഹര്‍ജി നിരസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡോ. വന്ദന ദാസ് കൊലപാതകം: ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയ ഗാന്ധി; മത്സരിക്കുന്നത് രാജസ്ഥാനിൽനിന്ന്

ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാണ് മോന്‍സ് ജോസഫ് എംഎല്‍എ പറയുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണ് ഉത്തരവിടേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്, കുറ്റപത്രം സമർപ്പിച്ചതാണ്. പ്രത്യേകിച്ച് പരാതികൾ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in