ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ആരാണയാള്‍? ചര്‍ച്ചയായി മുര്‍മുവിനുള്ള ഒറ്റവോട്ട്, തലപുകച്ച് പാര്‍ട്ടികള്‍

കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടിന്‍റെ മൂല്യം 152 ആണ്. ഇതേ മൂല്യമുള്ള ഒരേയൊരു വോട്ടാണ് മുര്‍മുവിന് ലഭിച്ചത്
Updated on
2 min read

രാഷ്‍ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്ന് ഒരു വോട്ട് ലഭിച്ചതിന്‍റെ ഞെട്ടലിലാണ് രാഷ്‍ട്രീയ കേന്ദ്രങ്ങള്‍. രഹസ്യബാലറ്റ് ആയതിനാല്‍ ആരാണ് ആ ഒരാള്‍ എന്നു കണ്ടെത്തുക പ്രയാസം. രാഷ്ട്രപതി തിരഞ്ഞെടുപ്പായതിനാല്‍ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനുമാകില്ല. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടിന്‍റെ മൂല്യം 152 ആണ്. ഇതേ മൂല്യമുള്ള ഒരു വോട്ടാണ് മുര്‍മുവിന് ലഭിച്ചത്. എന്‍.ഡി.എ. പക്ഷത്തേക്കു ചാഞ്ഞ ആ വോട്ട് ആരുടേതെന്നാണ് ഇപ്പോള്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരസ്പരം അന്വേഷിക്കുന്നത്. അതേസമയം, ബിജെപി രാഷ്ട്രീയത്തോടുള്ള അനുകൂല നിലപാടാകില്ല ക്രോസ് വോട്ടെന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് വിലയിരുത്തല്‍. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഒരു വനിതയെന്ന് നിലയ്ക്കാകാം വോട്ടെന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് കണ്‍വീനര്‍മാരുടെ പ്രതികരണം.

ഇരുമുന്നണികളും പിന്തുണ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെത്തിയ യശ്വന്ത് സിന്‍ഹയ്ക്ക് നല്‍കിയ സ്വീകരണത്തെ ചൊല്ലിയുള്ള തര്‍ക്കം പ്രതിപക്ഷ നിരയിലെ ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. എന്നാലത് വോട്ടെടുപ്പില്‍ പ്രതിഫലിക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. സിന്‍ഹയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ മന്ത്രിമാരെത്താത്തത് നരേന്ദ്രമോദിയെ പേടിച്ചാണെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ വാദം. അതുകൊണ്ട്, ക്രോസ് വോട്ട് എല്‍ഡിഎഫില്‍ നിന്നാണെന്ന ആരോപണം യുഡിഎഫ് ഉന്നയിച്ചേക്കാം. അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മുര്‍മുവിന് ചോര്‍ന്ന വോട്ട് കേരളത്തിലും പാർട്ടിയെ പ്രതിരോധത്തിലാക്കും. രാജസ്ഥാനില്‍ നിന്ന് അഞ്ചും ഛത്തീസ്‍ഗഢില്‍ നിന്ന് ആറും പ്രതിപക്ഷ വോട്ടുകളാണ് മുര്‍മുവിന് ലഭിച്ചത്.

ജനതാദള്‍ എസ് കേന്ദ്ര നേതൃത്വം മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ അംഗങ്ങള്‍ വ്യക്തമായി നിലപാട് പ്രഖ്യാപിച്ചിരുന്നതിനാല്‍ സംശയം ആ വഴിക്ക് പോയേക്കില്ല. കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്‍റെ സ്വതന്ത്ര നിലപാടിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ പിന്തുണയുണ്ടായിരുന്നു താനും. ഇതോടെ 140 വോട്ടും സിന്‍ഹയ്ക്കെന്ന് ഉറപ്പിച്ചിരുന്നിടത്താണ് എല്ലാവരെയും അമ്പരപ്പിക്കുന്ന ക്രോസ് വോട്ട്. ബിജെപിക്ക് നിയമസഭാംഗങ്ങള്‍ ഇല്ലാത്തതിനാല്‍ പിന്തുണ തേടി മുര്‍മു കേരളത്തില്‍ വരാതിരുന്നിട്ട് കൂടി പെട്ടിയില്‍ വീണ വോട്ട് ബിജെപി കേന്ദ്രങ്ങള്‍ക്കും അദ്ഭുതമാണ്.

അതേസമയം,സഭയില്‍ ഒരംഗം മാത്രമുള്ള കക്ഷികളും ചര്‍ച്ചകളിലുണ്ട്. ആന്‍റണി രാജു( ജനാധിപത്യ കേരള കോൺഗ്രസ്),കെ കെ രമ (ആര്‍എംപി), മാണി സി കാപ്പന്‍ (നാഷണലിസ്റ്റ് കോൺഗ്രസ് കേരള), കെ.പി മോഹനന്‍ (എല്‍ജെഡി), കെ ബി ഗണേഷ്‍കുമാര്‍ (കേരള കോൺഗ്രസ് ബി), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോൺഗ്രസ് എസ്) എന്നിവരിലേക്കും സംശയമുന നീളുന്നുണ്ട്. ബിജെപി പോലും ഞെട്ടിയ വോട്ടില്‍ കേരളത്തിലെ മുന്നണികളില്‍ ആരോപണ-പ്രത്യാരോപണങ്ങളുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.അതേസമയം,അബദ്ധത്തില്‍ വോട്ട് മാറി ചെയ്യാനുള്ള സാധ്യതയും തള്ളാനാകില്ല.

140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്.140 പേര്‍ക്ക് പുറമെ രണ്ട് പേര്‍ കൂടി കേരളത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു.തിരുനല്‍വേലി എംപി എസ്.ജ്ഞാനതിരവിയവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎല്‍എ നീല്‍ രത്തന്‍ സിങും. ആദ്യം ഘട്ടത്തില്‍ ഇവരിലാരോ മുര്‍മുവിന് നല്‍കിയ വോട്ടാകാം എന്നായിരുന്നു സംശയം. എന്നാല്‍, കേരളത്തില്‍ വോട്ട് ചെയ്താലും ഇവരുടെ വോട്ട് അതത് സംസ്ഥാനങ്ങളിലാണ് കൂട്ടുക.

പല സംസ്ഥാനങ്ങളില്‍ നിന്നും ബിജെപി പ്രതീക്ഷിക്കാത്ത വോട്ടുകള്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്. 17 എംപിമാരും 104 എംഎല്‍എമാരും കക്ഷി മാറി മുര്‍മുവിന് വോട്ട് നല്‍കിയെന്നാണ് കണക്കുകളിലെ സൂചന . ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ആ ആശങ്ക ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന ഫലം.

logo
The Fourth
www.thefourthnews.in