കൊല്ലത്ത് കാണാതായ കുട്ടികൾ മുങ്ങിമരിച്ച നിലയിൽ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ അപകടം; കഴിഞ്ഞ വര്‍ഷം 1040 മരണങ്ങൾ

കൊല്ലത്ത് കാണാതായ കുട്ടികൾ മുങ്ങിമരിച്ച നിലയിൽ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ അപകടം; കഴിഞ്ഞ വര്‍ഷം 1040 മരണങ്ങൾ

ഒരാഴ്ച മുന്‍പ് മലപ്പുറം നിലമ്പൂര്‍ നെടുങ്കയത്തും രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചിരുന്നു
Updated on
2 min read

കൊല്ലം പട്ടാഴിയില്‍ കാണാതായ കുട്ടികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നീ കുട്ടികളുടെ മൃതദേഹമാണ് കല്ലടയാറ്റിലെ പാറക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടതാകാമെന്ന് നിഗമനം. സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് കൊല്ലത്ത് നിന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്.

 ആദിത്യന്‍ , അമല്‍
ആദിത്യന്‍ , അമല്‍

ഒരാഴ്ച മുന്‍പ് മലപ്പുറം നിലമ്പൂര്‍ നെടുങ്കയത്തും രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചിരുന്നു. കരിമ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് എം എസ് എം സ്‌കൂളിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒന്‍പതാം ക്ലാസുകാരി ഫാത്തിമ മുഹ്‌സിന എന്നിവരാണു മരിച്ചത്. കുട്ടികള്‍ ചുഴിയില്‍പ്പെട്ടാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 1040 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഗ്നിരക്ഷാ സേനയുടെ സംസ്ഥാന തലകണക്കുകള്‍ പ്രകാരം തൃശൂര്‍ ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ അപകടങ്ങള്‍. 134 സംഭവങ്ങളാണ് തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

എറണാകുളം ജില്ലയില്‍ 130, ആലപ്പുഴ 114, കോഴിക്കോട് 98, പാലക്കാട് 88, കൊല്ലം 77, കോട്ടയം 72, തിരുവനന്തപുരം 68, പത്തനംതിട്ട 56, മലപ്പുറം 54, കാസര്‍ഗോഡ് 40, ഇടുക്കി 36 വയനാട് 21 എന്നിങ്ങനെയാണ് മുങ്ങിമരണങ്ങളുടെ കണക്കുകള്‍.

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരളത്തില്‍ പന്തിരായിരത്തോളം പേരാണ് മുങ്ങിമരിച്ചത്. ഇതില്‍ മുക്കാല്‍പങ്കും അപകടങ്ങളും ഇരുപത്തിരണ്ട് ശതമാനം ആത്മഹത്യകളുമാണ് എന്നാണ് കണക്കുകള്‍. 11947 പേരാണ് ആറുവര്‍ഷത്തിനിടെ മുങ്ങിമരിച്ചത്.

മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 5247 പേരും മുങ്ങിമരിച്ചിട്ടുണ്ട്. ആറുവര്‍ഷത്തിലെ മരണങ്ങളില്‍ 2687 എണ്ണവും മൂന്ന് വര്‍ഷത്തെ കണക്കില്‍ 1272 എണ്ണവും ആത്മഹത്യകളായിരുന്നു എന്നും കഴിഞ്ഞ സെപ്തംബറില്‍ പുറത്തുവന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in