ജി സുധകരൻ
ജി സുധകരൻ

ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു; ഒളിയമ്പുമായി ജി സുധാകരന്‍

ലഹരിക്കേസില്‍ ഉള്‍പ്പെട്ട നേതാവിനെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരൻറെ വിമർശനം
Updated on
1 min read

തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിടെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ലഹരിക്കേസില്‍ ഉള്‍പ്പെട്ട നേതാവിനെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് സുധാകരന്റെ പരാമര്‍ശം.

ലഹരി ഉപയോഗിക്കുകയും ലഹരി വസ്തുക്കള്‍ വില്‍ക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ഒരു തമാശയായി മാറിയിരിക്കുകയാണ്

'അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ചാല്‍ പോരാ, അഴിമതി കാണിക്കാതിരിക്കുകയും കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും വേണം. ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ശിക്ഷ കൊടുക്കണം. ലഹരിക്കെതിരായി പ്രസംഗിക്കുകയും ലഹരി ഉപയോഗിക്കുകയും ലഹരി വസ്തുക്കള്‍ വില്‍ക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ഒരു തമാശയായി മാറിയിരിക്കുകയാണ്'. - ജി സുധാകരന്‍ പറയുന്നു.

പാര്‍ട്ടി ലഹരിക്കെതിരെ ക്യാമ്പെയിന്‍ നടത്തുമ്പോഴാണ് നേതാക്കള്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതിയാകുന്നത്

ലഹരിക്കടത്തുമായി ബന്ധപ്പെട്ടെ ആലപ്പുഴ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കരുനാഗപ്പള്ളിയില്‍ പിടിച്ച ഒരു കോടിയോളം രൂപ വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം ഷാനവാസുമായി ബന്ധപ്പെടുത്തിയായിരുന്നു ആക്ഷേപം. പാര്‍ട്ടി ലഹരിക്കെതിരെ ക്യാമ്പെയിന്‍ നടത്തുമ്പോഴാണ് നേതാക്കള്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതിയാകുന്നത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

തെറ്റായ ഒരു പ്രവണതയ്ക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ആലപ്പുഴ വിഷയത്തില്‍ ഉള്‍പ്പെടെ പ്രതികരിച്ച പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ തെറ്റായ ഒരു പ്രവണതയ്ക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ലെന്നാിരുന്നു വ്യക്തമാക്കിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗം ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്തത് പാര്‍ട്ടിയുടെ ജാഗ്രതയുടെ ഭാഗമാണെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം.

logo
The Fourth
www.thefourthnews.in