രാസലഹരിയിൽ മയങ്ങുന്ന യുവത്വം; കേസുകൾ കുത്തനെ കൂടുന്നു, 2022ല്‍ രജിസ്റ്റര്‍ ചെയ്തത് 6,610

രാസലഹരിയിൽ മയങ്ങുന്ന യുവത്വം; കേസുകൾ കുത്തനെ കൂടുന്നു, 2022ല്‍ രജിസ്റ്റര്‍ ചെയ്തത് 6,610

സംസ്ഥാനത്ത് രാസലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ കഞ്ചാവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്
Updated on
1 min read

കേരളത്തിൽ രാസലഹരി ഉപയോഗം കുതിച്ചുയരുന്നതായി കണക്കുകൾ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2022ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലും പിടികൂടിയ മയക്കുമരുന്നിന്റെ അളവിലും വലിയ വർധനവാണുള്ളത്. എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍ മുതലായ പിടികൂടിയ കേസുകളിൽ റെക്കോർഡ് വർധനയാണുണ്ടായത്.

നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ ഡി പി എസ്) പ്രകാരം 2021ല്‍ 3,922 കേസാണ് രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ 2022ല്‍ അത് 6,610 ആയി ഉയര്‍ന്നു. അതേസമയം 2021നെ അപേക്ഷിച്ച് 2022ല്‍ കഞ്ചാവിന്റെ ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2021ൽ 6130.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെങ്കിൽ, 2022ൽ ഇത് 7,775.425 ഗ്രാമായി ഉയര്‍ന്നതായാണ് എക്‌സൈസ് കണക്ക്. 2021ൽ 88.806 ഗ്രാം മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. 2022ൽ അത് 22,432 ഗ്രാം ആയി. 2021ൽ 3.657 ഗ്രാം എൽഎസ്ഡിയാണ് പിടിച്ചതെങ്കിൽ, 2022ൽ അത് 42.783 ഗ്രാമായി വര്‍ധിച്ചു. പിടികൂടിയ ഓപ്പിയം അളവ് 0.87 ഗ്രാമിൽനിന്ന് 76 ഗ്രാമായി ഉയർന്നു.

2022ല്‍ 1489 ഗ്രാം മാജിക്ക് മഷ്‌റൂം പിടിച്ചെടുത്തു. മുന്‍ വര്‍ഷങ്ങളില്‍ കുറഞ്ഞ അളവില്‍ പോലും ഈ ലഹരിവസ്തു പിടികൂടിയിരുന്നില്ല. 2021ൽ പിടികൂടിയ ഹെറോയിൻ 18.187 ഗ്രാം മാത്രമായിരുന്നു. എന്നാൽ 2022ൽ ഇതിന്റെ തോത് 447.786 ഗ്രാം ആയി ഉയർന്നു.

2021ല്‍ 5,632കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെങ്കില്‍ 2022ല്‍ അത് 3,602.312കിലോഗ്രാമായി കുറഞ്ഞു

അതേസമയം, കഞ്ചാവിന്റെ ഉപയോഗം കുറയുന്നതായാണു കണക്കുകൾ പറയുന്നത്. 2021ല്‍ 5,632ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെങ്കില്‍ 2022ല്‍ അത് 3,602.312കിലോ ഗ്രാമായി കുറഞ്ഞു. എന്നാൽ കണ്ടെടുക്കുന്ന കഞ്ചാവ് ചെടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ 760 ചെടികളാണ് കണ്ടെത്തിയതെങ്കിൽ 2022 ല്‍ ഇത് 1902 ആയി ഉയർന്നു.

എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ രാസലഹരിവസ്തുക്കൾ വാങ്ങാന്‍ കഴിയാത്ത ആളുകളിലാണ് കഞ്ചാവിന്റെ ഉപയോഗം കൂടുതലായും കാണുന്നത്. പ്രധാനമായും ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സ്ഥാനങ്ങളിൽനിന്നാണ് സംസ്ഥാനത്ത് കഞ്ചാവെത്തുന്നത്.

കുട്ടികള്‍ക്കിള്‍ക്കിടയിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു

എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, ഹെറോയിന്‍, കൊക്കെയ്ന്‍ മുതലായ ലഹരി വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലെത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെത്തുന്ന മയക്കു മരുന്നുകള്‍ ഏജന്റ്മാര്‍ വഴിയാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്.

വിലകൂടിയ ലഹരിവസ്തുവാണെങ്കിലും എംഡിഎംഎയുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്

വിലകൂടിയ ലഹരിവസ്തുവാണെങ്കിലും എംഡിഎംഎയുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. പ്രധാനമായും ചെറുപ്പക്കാരാണ് ഇതിന്റെ ഉപയോക്താക്കള്‍. സംസ്ഥാനത്തുടനീളം വ്യാപകമാണെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്തുക പ്രയാസകരമായ കാര്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതേസമയം, എല്‍എസ്ഡി പോലുള്ള ലഹരി വസ്തുക്കള്‍ 1960 മുതല്‍ പ്രചാരത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിള്‍ക്കിടയിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

logo
The Fourth
www.thefourthnews.in