ശരിക്കും മാര്‍ക്ക് 16, സര്‍ട്ടിഫിക്കറ്റില്‍ 468; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പോലീസ് റിമാൻഡിൽ

ശരിക്കും മാര്‍ക്ക് 16, സര്‍ട്ടിഫിക്കറ്റില്‍ 468; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പോലീസ് റിമാൻഡിൽ

പ്രതി സെമിഖാന്‍ തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്
Updated on
1 min read

നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതായുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് ബാലസംഘം കടയ്ക്കല്‍ ഏരിയാ കോ - ഓര്‍ഡിനേറ്ററും ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവുമായ സെമിഖാന്‍ പിടിയില്‍. കൊല്ലം ചിതറ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി, കൊട്ടാരക്കര സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. സിനിമാ കഥയെ വെല്ലുന്ന തരത്തിലായിരുന്നു പ്രതിയുടെ നീക്കങ്ങളെന്ന് ചിതറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം രാജേഷ് 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

നീറ്റ് പരീക്ഷ എഴുതിയ സെമിഖാന് 16 മാര്‍ക്കാണ് ലഭിച്ചത്. പിന്നീട് 468 മാര്‍ക്ക് ലഭിച്ചതായുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തപ്പോള്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും 468 മാര്‍ക്കുള്ളതാണ് തന്‍റെ സര്‍ട്ടിഫിക്കറ്റെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതി തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നീറ്റ് ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ച് വരുത്തി വിവരങ്ങള്‍ തേടിയ കോടതി വിശദമായ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശവും നല്‍കി.

ശരിക്കും മാര്‍ക്ക് 16, സര്‍ട്ടിഫിക്കറ്റില്‍ 468; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പോലീസ് റിമാൻഡിൽ
അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്, ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്

റൂറല്‍ എസ്പിയുടെ നിര്‍ദേശം അനുസരിച്ച് സൈബര്‍ സെല്ലും ചിതറ പോലീസും നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടുപിടിച്ചത്. ആദ്യം ഡൗൺലോഡ് ചെയ്തപ്പോള്‍ ലഭിച്ചെന്ന് അവകാശപ്പെട്ട സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചു. രണ്ടാമത് ഡൗൺലോഡ് ചെയ്തപ്പോള്‍ ലഭിച്ചെന്ന് പറഞ്ഞത് 16 മാര്‍ക്ക് ലഭിച്ച സ്വന്തം സര്‍ട്ടിഫിക്കറ്റ് തന്നെയായിരുന്നു. തുടര്‍പഠനത്തിന് പോകുമ്പോള്‍ ആര്‍ക്കെങ്കിലും സംശയം തോന്നി പിടിക്കപ്പെടാതിരിക്കാനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശരിക്കും മാര്‍ക്ക് 16, സര്‍ട്ടിഫിക്കറ്റില്‍ 468; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പോലീസ് റിമാൻഡിൽ
5000 ബസുകൾ, 9 കോടി രൂപ ലക്ഷ്യം; നിരത്തിൽ ഇന്ന് കെഎസ്ആർടിസി നിറയും

വ്യാജമായി നിര്‍മ്മിച്ച സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് കോടതി വിധിച്ചാല്‍ ആ പഴുതിലൂടെ ആജീവനാന്തം രക്ഷപ്പെടാമെന്നായിരുന്നു കരുതിയതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കോടതി നീറ്റ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നോ പോലീസിനോട് അന്വേഷിക്കാന്‍ പറയുമെന്നോ കരുതിയില്ലെന്നും പറഞ്ഞു. കോടതി കൂടുതല്‍ പരിശോധനകള്‍ നടത്താതെ വ്യാജ സര്‍ട്ടിഫിക്കറ്റ് സാധുവായി പ്രഖ്യാപിക്കുമെന്നായിരുന്നു വിചാരം.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി സെമിഖാനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിന് ശേഷമേ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തുടര്‍ പഠനത്തിന് പ്രവേശനം നേടാനുള്ള ശ്രമം നടത്തിയോയെന്ന് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in