ഇ പി ജയരാജന്‍
ഇ പി ജയരാജന്‍

വിമാനത്തിലെ സംഘര്‍ഷം: ഇന്‍ഡിഗോയും, കേരള പോലീസും രണ്ട് തട്ടില്‍; ഇപി ജയരാജന് മൂന്നാഴ്ച വിലക്ക്

ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി, ഇനി കയറില്ലെന്ന് ഇ പി ജയരാന്‍
Updated on
2 min read

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ. പ്രവര്‍ത്തകരെ പിടിച്ച് തള്ളിയ ഇ പി ജയരാജന്റേത് രണ്ടാം ലെവല്‍ വ്യോമയാന ചട്ടലംഘനമാണെന്ന ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണസമിതിയുടെ കണ്ടെത്തലിലാണ് മൂന്നാഴ്ചത്തെ വിലക്ക്.

എന്നാല്‍, ജയരാജന് എതിരെ കേരള പൊലീസിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവില്ല. ഇപി ജയരാജന്‍ അക്രമത്തെ പ്രതിരോധിച്ചതാണ് എന്നാണ് പൊലീസിന്‍റെ നിലപാട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിമാന കമ്പനി വിലക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച യാത്രാവിലക്ക്

INDIGO
INDIGO

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് യാത്രാവിലക്ക്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഒന്നാം ലെവല്‍ വ്യോമയാന ചട്ടലംഘനത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും ആഭ്യന്തര അന്വേഷണസമിതി വിലയിരുത്തുന്നു

വിലക്ക് സംബന്ധിച്ച് വിമാനക്കമ്പനിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. എന്നാല്‍ വിലക്കിയ അറിയിപ്പ് ലഭിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

വിലക്ക് വാര്‍ത്തയില്‍ ഇന്‍ഡിഗോയെ കുറ്റപ്പെടുത്തി ഇപി ജയരാജന്‍ രംഗത്തെത്തി. വിലക്കിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും, അന്ന് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഇന്‍ഡിഗോ ബഹിഷ്‌കരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അന്നേ ദിവസം യാത്രക്ക് ഞാനും ഭാര്യയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും അതേ ഉണ്ടായിരുന്നു. ഭീകര വാദികളുടെ ഭീഷണി നിലനില്‍ക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. അദ്ദേഹം ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ വിമാന കമ്പനി പരാജയപ്പെട്ടു.

സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേര്‍ വിമാനത്തില്‍ കയറി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വ്യക്തികള്‍ക്ക് സഞ്ചരിക്കാന്‍ ആവസരം ഒരുക്കി. അത് തടയേണ്ടിയിരുന്നു. അത് ഗുരുതരമായ പിഴവാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ അക്രമിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചത്. ഇത് പരിശോധിക്കാതെ തന്നെ വിലക്കിയ നടപടി ശരിയല്ല. ഇന്‍ഡിഗോയുടെ വിലക്കിനെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പിന്നീട് അന്വേഷിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് അറിഞ്ഞു. ഇന്‍ഡിഗോയുടെ നടപടികള്‍ നിയമ വിരുദ്ധമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത വ്യക്തികള്‍ ഒരു പക്ഷേ താനും ഭാര്യയുമായിരിക്കും. പക്ഷേ ഇനിമുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോശം കമ്പനിയാണ് ഇന്‍ഡിഗോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം പന്ത്രണ്ടിന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിലായിരുന്നു വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ പിടിച്ചുതള്ളി. വിമാനത്തിലെ ദൃശ്യങ്ങളും പുറത്തുവന്നു.

എന്നാല്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത് . മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു സിപിഎം വാദം. ഇ പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതും വിവാദമായിരുന്നു

മുഖ്യമന്ത്രിക്കെതിരായ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മുന്‍ എംഎല്‍എ കെ എസ് ശബരിനാഥിനെ പോലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത് ശബരിനാഥ് ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബരിനാഥ് ഇട്ട സന്ദേശവും ഇതിനിടെ പുറത്തുവന്നു.

logo
The Fourth
www.thefourthnews.in