വയനാട്ടില്‍ വീണ്ടും ആശങ്ക; ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദവും പ്രകമ്പനവും, ആളുകളെ ഒഴിപ്പിക്കുന്നു

വയനാട്ടില്‍ വീണ്ടും ആശങ്ക; ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദവും പ്രകമ്പനവും, ആളുകളെ ഒഴിപ്പിക്കുന്നു

പ്രദേശത്ത് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്
Updated on
2 min read

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ വീണ്ടും ആശങ്കയായി ഭൂമിക്കടയില്‍നിന്ന് അസാധാരണ ശബ്ദവും പ്രകമ്പനവും. ജില്ലയുടെ പലഭാഗത്തും ശബ്ദം കേട്ടതായാണു നാട്ടുകാരിൽനിന്നുള്ള വിവരം. സംഭവം ഭൂചലനമല്ലെന്നാണ് അധികൃതർ പറയുന്നത്. ഭൂകമ്പമാപിനിയിൽ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

അമ്പലവയല്‍ വില്ലേജിലെ ആര്‍ എ ആര്‍ എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍നിന്നു ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തര കാര്യനിര്‍വഹണ വിഭാഗം അറിയിച്ചതായി കലക്ടർ വ്യക്തമാക്കി.

അതേസമയം, ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നു കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലൊന്നും ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് കലക്ടർ അറിയിച്ചു.

ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍കൂനകള്‍ ഉണ്ടാകാറുണ്ട്. ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടില്‍ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതെന്നും കലക്ടര്‍ അറിയിച്ചു.

ശബ്ദവും മുഴക്കവും കേട്ട പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി കലക്ടര്‍ അറിയിച്ചു. അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്കൂളിനും വലിയപാറ എൽപി സ്കൂളിനും അവധി നല്‍കി.

ശബ്ദം അനുഭവപ്പെട്ട പ്രദേശങ്ങളിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. വിവരങ്ങൾ ശേഖരിക്കാൻ വില്ലേജ് ഓഫിസർമാർക്ക് റവന്യു അധികൃതർ നിർദേശം നൽകി. വില്ലേജ് ഓഫിസർമാർ വീടുകൾ സന്ദർശിച്ച് വിവരം ശേഖരിച്ചുവരികയാണ്.

വയനാട്ടില്‍ വീണ്ടും ആശങ്ക; ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദവും പ്രകമ്പനവും, ആളുകളെ ഒഴിപ്പിക്കുന്നു
ദുരന്തഭൂമിയിൽ പതിനൊന്നാം നാൾ: ഇന്ന് ജനകീയ തിരച്ചിൽ, ക്യാമ്പിലുള്ളവരും കാണാതായവരുടെ ബന്ധുക്കളും ഉൾപ്പടെ പങ്കാളികളാകും

നെന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍, മൂരിക്കാപ്പ് എന്നീ പ്രദേശങ്ങളിൽ ഭൂമിക്കടിയില്‍നിന്ന് ശബ്ദം കേട്ടതായാണു നാട്ടുകാരിൽനിന്നുള്ള വിവരം. പലയിടത്തും വീടുകൾക്കു വിറയൽ അനുഭവപ്പെട്ടതായാണു നാട്ടുകാർ പറയുന്നത്. വീടുകളുടെ ജനലുകൾ ഇളകുകയും ചില്ലുകൾ പൊട്ടുകയും ചെയ്തു.

പൊഴുതന സുഗന്ധഗിരി പ്രദേശത്തും അച്ചൂരാനം സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടു. രാവിലെ 10നുശേഷവുമാണ് മിക്ക സ്ഥലങ്ങളിലും ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്.

വയനാട്ടില്‍ വീണ്ടും ആശങ്ക; ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദവും പ്രകമ്പനവും, ആളുകളെ ഒഴിപ്പിക്കുന്നു
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഏറ്റവും കൂടുതൽ കേരളത്തിൽ; കാരണങ്ങൾ എന്തൊക്കെ?

ചിലയിടങ്ങളിൽ വലിയ ശബ്ദമാണ് കേട്ടത്. ഇടിമുഴക്കമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. എടക്കൽ 19 എന്ന സ്ഥലത്തുനിന്നു അസാധാരണ ശബ്ദം കേട്ടതായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിലെ മുക്കം, കൂടരഞ്ഞി, മണാശേരി, കാരശേരി പ്രദേശങ്ങളിലും കാവിലുംപാറയിലെ കലങ്ങാട്ടും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

നാനൂറിലേപ്പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽല പ്രദേശത്തുനിന്നു ശരാശരി 25-30 കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ട പല പ്രദേശങ്ങളും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തിനകത്തും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്), ന്യൂഡല്‍ഹിയിലെ ഭൗമശാസ്ത്ര മന്ത്രാലയം (എം.ഒ.ഇ.എസ്) എന്നിവ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തിനകത്തും അയല്‍ദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 3.0യും അതിനുമുകളിലും തീവ്രതയുള്ള ഭൂകമ്പങ്ങള്‍ മുഴുവന്‍ സമയം നിരീക്ഷണത്തിലാണ്.

വയനാട്ടിൽ പല സ്ഥലങ്ങളിലും ഭൂമിക്കടയിൽനിന്ന് മണ്ണൊലിച്ചുപോകുന്ന സോയിൽ പൈപ്പിങ് പ്രതിഭാസമുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉരുൾപൊട്ടലിന്റെ പ്രധാനകാരണങ്ങളിലൊന്നാണ് സോയിൽ പൈപ്പിങ് എന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

logo
The Fourth
www.thefourthnews.in