അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്
AJAY MADHU

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്

ഈ മാസം 20 ന് ഹാജരാകണമെന്ന് നിർദേശം. ഹാജരാകില്ലെന്ന് ശിവകുമാർ
Updated on
1 min read

മുന്‍മന്ത്രി വി എസ് ശിവകുമാറിനും പി എയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്. 20 ന് ഹാജരാകില്ലെന്ന് ശിവകുമാര്‍ പ്രതികരിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിനെതിരെ 2020 ല്‍ വിജിലൻസ് കേസെടുത്തിരുന്നു. മന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം സ്‌പെഷ്യൽ സെല്ലിനെ ചുമതലപ്പെടുത്തുന്നത്. വിജിലൻസ് എഫ്ഐആറിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന് ശേഷമാണ് കൊച്ചിയിഷൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

20 ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ശിവകുമാർ വ്യക്തമാക്കി. ഇ ഡി നോട്ടീസ് പുതിയ കാര്യമല്ലെന്നാണ് ശിവകുമാറിന്റെ പ്രതികരണം. ''എനിക്ക് എതിരെയുണ്ടായിരുന്ന വിജിലന്‍സ് കേസ് ഒരു വര്‍ഷം മുന്‍പ് തന്നെ ഇ ഡിക്ക് നല്‍കിയിരുന്നു. സ്വഭാവിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് വിജിലന്‍സ് ഇ ഡിക്കും കേസിന്റെ വിവരങ്ങള്‍ കെെമാറിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും ഇ ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്.'' വി എസ് ശിവകുമാർ ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in